ചലച്ചിത്ര താരങ്ങൾ കഴിവതും മലയാളം പറയണം : മന്ത്രി സുധാകരൻ
കൊച്ചി : മലയാള ചലച്ചിത്രതാരങ്ങൾ അഭിമുഖങ്ങളിൽ കഴിവതും മലയാളം പറയണമെന്ന് മന്ത്രി ജി.സുധാകരൻ. നാൽപ്പതാമത് ഫിലിം ക്രിട്ടിക്സ് അവാർഡ്വിതരണം ഗോകുലം കൺവൻഷൻ സെന്ററിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷ്പോലെ മഹത്തായ ഭാഷതന്നെയാണ് മലയാളം. മൂന്നരക്കോടി ജനങ്ങൾമാത്രമേ സംസാരിക്കുന്നുള്ളൂവെന്നത് കൊണ്ട് അതിന്റെ മഹത്വം കുറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയ്ക്ക് ഭാഷയല്ല പ്രധാനം, അഭിനയമാണ്. ഇംഗ്ലീഷിലാണെന്നതുകൊണ്ടുമാത്രം ഒരു സിനിമയും മഹത്തരമാകുന്നില്ല. ലോകോത്തര സിനിമകളോട് കിടപിടിക്കാനുള്ള ശേഷി മലയാളസിനിമ നേടിക്കഴിഞ്ഞുവെന്നും മലയാളത്തിന് മഹത്തായ സിനിമാസംസ്കാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. റൂബിജൂബിലി പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മന്ത്രി ജി.സുധാകരൻ സമർപ്പിച്ചു. മികച്ചനടനായി തെരഞ്ഞെടുത്ത മോഹൻലാലിനും മന്ത്രി പുരസ്കാരം സമ്മാനിച്ചു. നയൻതാര (മികച്ച നടി), മികച്ച ചിത്രം ഒപ്പം, മികച്ച സംവിധായകൻ പ്രിയദർശൻ എന്നിവർക്കാണ് മറ്റ് അവാർഡുകൾ.
സിനിമാമേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ശ്രീകുമാരൻതന്പി, ഫാസിൽ, ഛായഗ്രാഹകൻ രാമചന്ദ്രബാബു, നടി ശാന്തികൃഷ്ണ എന്നിവർക്ക് ചലച്ചിത്രരത്നപുരസ്കാരം നൽകി. നിവിൻ പോളി (ആക്ഷൻ ഹീറോ ബിജു), ടിനി ടോം (ദഫേദാർ), സമുദ്രക്കനി (ഒപ്പം), ലക്ഷ്മി ഗോപാലസ്വാമി (കാംബോജി) എന്നിവർ പ്രത്യേക ജൂറി പുരസ്കാരം നേടി.
ജേക്കബിന്റെ സ്വർഗരാജ്യമാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം രൺജി പണിക്കരും സിദ്ദിഖും നേടി. സുരഭിക്കാണ്് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം. വിനീത് ശ്രീനിവാസനാണ് (ജേക്കബിന്റെ സ്വർഗരാജ്യം) മികച്ച തിരക്കഥാകൃത്ത്. എം ജയചന്ദ്രൻ (മികച്ച സംഗീതസംവിധായകൻ), വയലാർ ശരത്ചന്ദ്ര വർമ (മികച്ച ഗാനരചയിതാവ്), മധുബാലകൃഷ്ണൻ (മികച്ച ഗായകൻ), വർഷവിനു, അൽക്കാ അജിത്ത് (മികച്ച ഗായിക), സുജിത്ത് വാസുദേവ് (മികച്ച ഛായഗ്രാഹകൻ), എസ്തർ അനിൽ, ബേബി അക്ഷര (മികച്ച ബാലതാരങ്ങൾ) എന്നിവർക്കാണ് മറ്റ് പുരസ്കാരങ്ങൾ. മന്ത്രിയെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡണ്ട് ജോർജ് ഓണക്കൂർ ആദരിച്ചു.

