ഹമദ് രാജാവ് കിംഗ് ഹമദ് ഗ്ലോബൽ സെന്റർ സ്ഥാപിച്ചു
മനാമ : സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കുന്നതിനുള്ള ആഗോള പരിശ്രമങ്ങളുടെ ഭാഗമായി ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഇന്നലെ കിംഗ് ഹമദ് ഗ്ലോബൽ സെന്റർ സ്ഥാപിച്ചു. അന്താരാഷ്ട്ര സഹകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന് റോയൽ കോർട്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 14ന് ബഹ്‌റൈനിൽ നടക്കും. ഇസ കൾച്ചറൽ സെന്റർ കിംഗ് ഹമദ് ഗ്ലോബൽ സെന്ററിന്റെ താത്കാലിക ആസ്ഥാനമായി പ്രവർത്തിക്കും. ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ ഖലീഫ അദ്ധ്യക്ഷനായുള്ള ബോർഡിൽ നാല് വർഷ കാലാവധിയോടെ പത്ത് അംഗങ്ങളാകും ഉണ്ടാവുക.
ബെറ്റ്സ്സി ബെന്നെറ്റ് മാത്തീസ്സൺ അബ്ദുൾറഹ്മാൻ, സാലാ യൂസഫ് ഇബ്രാഹീം അബ്ദുൾ അസീസ് അൽ−ജൗദർ, ഇബ്രാഹിം ദാവൂദ് ഇബ്രാഹിം നൊനൂ, സമീർ സാദോഖ് മുഹമ്മദ് അൽ ബഹർന, ഷാനാസ് ജാബർ ഹജ്ജി ജമാൽ, ക്രിസ്റ്റഫർ മാർട്ടിൻ ബോട്ട്, കാമിലോ ബോളിൻ, മജീദ് മോസ്സെൻ അൽ അസ്‌ഫുർ എന്നിവരും രണ്ട് മറ്റ് അംഗങ്ങളുമാണ് ട്രസ്റ്റി ബോർഡ് അംഗങ്ങൾ. പ്രിൻസ് താഹർ അൽ ഖട്ടനെ ഹമദ് ഗ്ലോബൽ സെന്ററിന്റെ സെക്രട്ടറി ജനറലായും നിയമിച്ചു. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.
സമാധാനപരമായ സഹവർത്തിത്വത്തിന് ഒരു ആഗോള കേന്ദ്രം സ്ഥാപിക്കാനുള്ള രാജാവിന്റെ നീക്കത്തിന് ലോകമെന്പാട് നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു. ജനങ്ങൾ തമ്മിലുള്ള സമാധാനവും സഹകരണവും ഉറപ്പുവരുത്തുന്ന ഇത്തരം പ്രോജക്ടുകളും സ്ഥാപനങ്ങളും ലോകത്തിന് ആവശ്യമാണെന്ന് ഫിലിപ്പോപോളിസ് നിഫാനൺ മെത്രാപ്പോലീത്ത റഷ്യയിലെ ബഹ്റൈൻ അംബാസിഡർ അഹമ്മദ് അബ്ദുൾ റഹ്മാൻ അൽ സതിയോട് പറഞ്ഞു.

