മഞ്ഞപ്പിത്തം : കാലടി സംസ്കൃത സർവ്വകലാശാല ക്യാന്പസ് അടച്ചു
കാലടി : കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നതു മൂലം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലാ കാലടി ക്യാന്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. 14 വിദ്യാർത്ഥികൾക്കു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. എല്ലാവരും ക്യാന്പസിലെഹോസ്റ്റലുകളിൽ താമസിക്കുന്നവരാണ്. ഹോസ്റ്റലുകൾ അടച്ചതിനാൽ വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങി.
വെള്ളത്തിൽ നിന്നായിരിക്കാം രോഗം പടർന്നതെന്നാണു നിഗമനം. ക്യാന്പസിൽ അടിയന്തര രോഗപ്രതിരോധ നടപടി എടുത്തെന്ന് രജിസ്ട്രാർ ഡോ. ടി.പിരവീന്ദ്രൻ പറഞ്ഞു. മെഡിക്കൽ ഓഫിസർ ഡോ. വി.വി പുഷ്പ, അഡീഷനൽ ഡി.എം.ഒ ശ്രീദേവി എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം കോളേജ് ക്യാംപസിൽ പരിശോധന നടത്തി. ശുചീകരണ മേൽനോട്ടത്തിനു ക്യാന്പസിൽ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കണമെന്ന് മെഡിക്കൽ ഓഫിസർ നിർദ്ദേശിച്ചു.
വെള്ളത്തിൽ നിന്നായിരിക്കാം രോഗം പടർന്നതെന്നാ നിഗമനത്തിൽ വിവിധ ജലസ്രോതസുകളുടെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. കാലടി ക്യാന്പസിൽ രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് മഞ്ഞപ്പിത്തം പടരുന്നത്. ഡിസംബർ അവസാനം ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് ഹോസ്റ്റൽ അടയ്ക്കുകയും ക്യാന്പസിന് കുറച്ചു ദിവസം അവധി നൽകുകയും ചെയ്തിരുന്നു. രണ്ടാമതും രോഗം പടർന്നതിൽ വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ട്. ഹോസ്റ്റലുകളിലേക്ക് വെള്ളം ലഭിക്കുന്നത് ക്യാംപസിലെ താമരക്കുളത്തിലെ കിണറിൽ നിന്നാണ്. കുഴൽകിണറുകളും ഉപയോഗിക്കുന്നു. താമരക്കുളത്തിലെ വെള്ളത്തിനു കലക്കലും ദുർഗന്ധവും ഉണ്ടെന്നു പറഞ്ഞു വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. വെള്ളം ശുദ്ധീകരിച്ചാണ് ഉപയോഗിക്കുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എല്ലാ ഹോസ്റ്റലുകൾക്കു പിന്നിലും മാലിന്യം കൂടിക്കിടക്കുന്നുണ്ട്. എന്നാൽ, സർവ്വകലാശാലയുടെ ശുദ്ധീകരണ സംവിധാനത്തിൽ ആരോഗ്യവകുപ്പിന് തൃപ്തിയില്ല.



