പുഴയോരം വ്യാപകമായി കൈയേറുന്നതായി പരാതി
തൃശ്ശൂർ : കരുവന്നൂർ പുഴയോരം വ്യാപകമായി കൈയേറുന്നതായി പരാതി. വലിയപാലം മുതൽ ഇല്ലിക്കൽ ഡാം വരെയുള്ള പ്രദേശത്ത് മൂർക്കനാട് ബണ്ട് റോഡ് കേന്ദ്രമാക്കിയാണ് കൈയേറ്റം വ്യാപകമാകുന്നത്. നീരോലിത്തോട് എന്ന പ്രദേശത്തെ പുഴയിലേക്ക് ബണ്ട് പോലെ നിർമ്മിച്ചാണ് കൈയേറ്റം നടന്നിരിക്കുന്നത്.
മീൻ പിടിക്കാനായി നിരവധി പേരാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ തന്പടിക്കുന്നത്. ഇവരിൽ പലരും മദ്യവും മയക്ക്‌മരുന്നും ഉപയോഗിച്ച് വഴി യാത്രക്കാരാരെ ശല്യം ചെയ്യുന്നതായി പരാതിയുണ്ട്. മദ്യകുപ്പികളും മറ്റും ഉപയോഗത്തിന് ശേഷം സമീപത്തെ വീടുകളിലേയ്‌ക്ക് വലിച്ചെറിയുകയും ചെയ്യുന്നതായും പറയുന്നു. ഇവിടെ പോലീസ് കാര്യമായ ശ്രദ്ധ ചെലുത്താത്തതിനാലാണ് ഇത്തരം സാമൂഹ്യ വിരുദ്ധർക്ക് താവളമാകുന്നതെന്നും ആരോപണമുണ്ട്. കരുവന്നൂർ പുഴയെ സാമൂഹ്യ വിരുദ്ധരിൽ നിന്നും കൈയേറ്റക്കാരിൽ നിന്നും സംരക്ഷിക്കമെന്നതാണ് ദേശവാസികളുടെ ആവശ്യം.

