ശ്രീജിവിന്റെ കസ്റ്റഡി മരണം : സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് എം.പിമാർ
തിരുവനന്തപുരം : പാറശാല പോലീസ് കസ്റ്റഡിയിൽ ശ്രീജിവ് എന്ന യുവാവ് മരിച്ച സംഭവം സി.ബി.ഐ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉറപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിൽ നിന്ന് ലഭിച്ചു. എം.പിമാരായ കെ.സി വേണുഗോപാൽ, ശശി തരൂർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീജിവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാലും ശശി തരൂരും ഇന്ന് രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് സി.ബി.ഐ ഡയറക്ടറുമായി ഉടൻ ചർച്ച ചെയ്യും. നേരത്തെ കേസിൽ സി.ബി.ഐ അന്വേഷണം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രപേഴ്‌സണൽ മന്ത്രാലയം സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം എന്ന ആവശ്യം സംസ്ഥാനം വീണ്ടും ശക്തമാക്കിയത്.
അതേസമയം, സി.ബി.ഐ അന്വേഷണം തുടങ്ങുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്ത് വ്യക്തമാക്കി. സഹോദരന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ 766 ദിവസമായി ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്. 2014 മേയ് 21ന് പാറശാല പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിവ് മരണപ്പെടുന്നത്.

