ശബരിമലയിൽ കാട്ടാനയുടെ ആക്രമണം : തീർത്ഥാടകൻ മരിച്ചു
ശബരിമല : ശബരിമലയിലെ കാനന പാതയിൽ കാട്ടാനയുടെ ആക്രമണത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകൻ ചെന്നൈ നേർകുണ്ടറം വിനായകപുരം ഒന്നാം തെരുവിൽ രവിശങ്കറിന്റെ മകൻ ആർ.നിരോഷ് കുമാർ (30) മരിച്ചു. എരുമേലിയിൽ പേട്ട തുള്ളി അയ്യപ്പന്മാർ നടന്നു വരുന്ന കാനന പാതയിൽ കരിമലക്കു സമീപം രാത്രി 1.30ന് ആയിരുന്നു അപകടം.
രാത്രിയിൽ കടയിൽ വിശ്രമിക്കുകയായിരുന്നു നിരോഷ് കുമാർ സഹോദർ സായിറാം (19) എന്നിവർ. ഇതിനിടെ മൂത്രം ഒഴിക്കാനായി കടയുടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആനക്കൂട്ടം ആക്രമിക്കുകയായിരുന്നു. തുന്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തി. ചവിട്ടിയതായും കരുതുന്നു. മുഖം വികൃതമായി. 14 കിലോമീറ്റർ ചുമന്നു മൃതദേഹം പന്പ ഗവ. ആശുപത്രിയിൽ എത്തിച്ചു. ഇൻക്വസ്റ്റ് തയ്യാറാക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.

