തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണത്തിലൂടെ രാജ്യത്തിന് മാതൃകയായി പാലക്കാട്
പാലക്കാട്: പ്രജനന നിയന്ത്രണത്തിലൂടെ ഘട്ടം ഘട്ടമായി തെരുവുനായ്ക്കളുടെ എണ്ണം കുറച്ചുകൊണ്ടു വരുന്ന എ.ബി.സി(ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി രാജ്യത്ത് തന്നെ വിജയകരമായി നടപ്പാക്കുന്ന ചുരുക്കം ജില്ലകളിൽ ഒന്നായി പാലക്കാട്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ജനന നിയന്ത്രണ ശസ്ത്രക്രിയ നടത്തിയത് 74,520 നായ്ക്കൾക്ക്. ഇതിൽ 12,014 എണ്ണവും പാലക്കാട് ജില്ലയിൽ. ഇത്രയധികം തെരുവുനായ്ക്കളെ വന്ധ്യംകരിച്ച മറ്റൊരു ജില്ലയും സംസ്ഥാനത്തില്ല.
ദേശീയ തലത്തിൽ പാലക്കാടിനായിരിക്കും മുൻതൂക്കമെന്നാണ് ബന്ധപ്പെട്ട വകുപ്പുകളുടെ വിലയിരുത്തൽ. 2012ലെ സെൻസസ് പ്രകാരം രാജ്യത്ത് 1.71 കോടിയിലേറെ തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ജില്ലയിലുള്ളത് 67,000 തെരുവുനായ്ക്കളാണ്. ഇതിൽ നിന്നാണ് പന്ത്രണ്ടായിരത്തിലേറെ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചശേഷം പിടിച്ചിടത്ത് തന്നെ കൊണ്ടുചെന്ന് വിട്ടയച്ചത്. രാജ്യത്ത് മൂന്ന് വർഷത്തിനിടെ 74,520 നായ്ക്കളെ വന്ധ്യംകരിച്ചെന്ന് കേന്ദ്ര സഹമന്ത്രി മഹേഷ് ശർമയാണ് ലോക്സഭയിൽ അറിയിച്ചത്.
പാലക്കാട് ജില്ലയിൽ ആലത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, കൊടുവായൂർ കേന്ദ്രങ്ങളിലാണ് ശ്വാന സൗഹൃദ പാലക്കാടെന്ന പേരിൽ എ.ബി.സി പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്ന് ദിവസം കൂടുകളിൽ പാർപ്പിച്ച് നിരീക്ഷിച്ച് ആരോഗ്യം ഉറപ്പുവരുത്തിയ ശേഷമാണ് ഇവയെ പിടിച്ചിടത്തു തന്നെ വിട്ടയയ്ക്കുന്നത്. ഒപ്പം പേവിഷ പ്രതിരോധ കുത്തിവയ്പും എടുക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്തുകൾ അഞ്ച് ലക്ഷം വീതം, ഗ്രാമ പഞ്ചായത്തുകൾ 3.5 ലക്ഷം രൂപ തോതിൽ നീക്കിവച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി കൂടുതൽ വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും.

