ആധാർ വിവരം ചോർത്താമെന്ന് സ്നോഡൻ
ന്യൂഡൽഹി : ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ വാദം അടിസ്ഥാനരഹിതമെന്ന് മുൻ സി.ഐ.എ ഉദ്യോഗസ്ഥൻ എഡ്വേർഡ് സ്നോഡൻ. വെറും 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ വിൽക്കുന്ന റാക്കറ്റുകൾ സജീവമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സ്നോഡൻ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
വ്യക്തി വിവരങ്ങൾ ചോർത്താനാകുമെന്ന വാർത്തയിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടുള്ള ടീറ്റിന് മറുപടി പറയുകയായിരുന്നു സ്നോഡൻ. വ്യക്തിവിവരങ്ങൾ നേടാനാഗ്രഹിക്കുന്നത് സർക്കാരുകളുടെ സ്വാഭാവിക പ്രവണതയാണ്. നിയമം എന്തെല്ലാമാണെങ്കിലും ചരിത്രം കാണിക്കുന്നത് ഇത്തരം പ്രവൃത്തികളുടെ ഫലം ദുർവിനിയോഗം ആണെന്നാണ് സ്നോഡൻ ട്വീറ്റിൽ വ്യക്തമാക്കിയത്.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയിൽ (എൻ.എസ്.എ) നിന്ന് രഹസ്യവിവരങ്ങൾ ചോർത്തിയതിനെത്തുടർന്ന് റഷ്യയിലെ അജ്ഞാത കേന്ദ്രത്തിൽ കഴിയുകയാണ് സ്നോഡൻ. ആധാർ വിവരങ്ങൾ സി.ഐ.എ ചോർത്തിയിരിക്കാമെന്ന രീതിയിൽ കഴിഞ്ഞ വർഷം വിക്കിലീക്സ് വെളിപ്പെടുത്തിയിരുന്നു.

