സിപിഐ നേതാവും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ നായർ അന്തരിച്ചു
തിരുവനന്തപുരം : സിപിഐ നേതാവും മുൻ മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ നായർ (89) അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. പൊതുവിപണിയിൽ ഇടപെടാൻ മാവേലി സ്റ്റോർ ആരംഭിച്ചതിന്റെ പേരിൽ കേരളത്തിന്റെ മാവേലി മന്ത്രിയായി വാഴ്ത്തപ്പെട്ടു. ഒാണച്ചന്തകളുടെ തുടക്കവും അദ്ദേഹത്തിന്റെ കാലത്താണ്. അഴിമതി ആരോപണങ്ങളുടെയും വിവാദങ്ങളുടെയും നിഴൽ വീഴാത്ത ആദരണീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
1957–ൽ ആദ്യനിയമസഭയിൽ തന്നെ അംഗമായ ചന്ദ്രശേഖരൻ നായർ ആകെ ആറു തവണ നിയമസഭാംഗമായി. മൂന്നുതവണ മന്ത്രി സ്ഥാനം വഹിച്ചു. മൂന്നു തവണയും നയനാർ മന്ത്രിസഭയിൽ. 1980ലും 87ലും പൊതുവിതരണം, ഭവനനിർമാണം എന്നിവയായിരുന്നു വകുപ്പുകൾ. 96-ലെ മൂന്നാം നയനാർ മന്ത്രിസഭയിൽ ഈ വകുപ്പുകൾക്കു പുറമേ നിയമവും വിനോദസഞ്ചാരവും കൈകാര്യം ചെയ്തു.
1980ൽ ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കാലത്താണ് ഓണച്ചന്ത ഫലപ്രദമായി തുടങ്ങിയത്. ഓണച്ചന്തകളുടെ വിജയവുമാണു മാവേലി സ്റ്റോറുകൾ തുടങ്ങാൻ കാരണം. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഇവയ്ക്കുള്ള പങ്ക് വലുതാണ്. വിനോദസഞ്ചാരവകുപ്പ് കൈകാര്യം ചെയ്തപ്പോഴും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഏറ്റവും നല്ല സഹകാരിക്കുള്ള സദാനന്ദൻ പുരസ്കാരവും ഏറ്റവും നല്ല പാർലമെന്റേറിയനുള്ള ആർ. ശങ്കരനാരായണൻ തമ്പി അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ഭാര്യ : മനോരമ നായർ. മക്കൾ : ഗീത, ജയചന്ദ്രൻ.


