ദിലീപ് ദുബൈയിൽ : കൂടെ അമ്മ മാത്രം
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻദിലീപ് കോടതിയുടെ അനുമതിയോടെ ദുബൈയിയിലേക്ക് പോയി. അമ്മ മാത്രമാണ് ദിലീപിനൊപ്പമുള്ളത്. രാവിലെ നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ഇരുവരും യാത്ര തിരിച്ചത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്റോറന്റിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും ദുബൈയിൽ എത്തിയത്. ഭാര്യ കാവ്യാ മാധവൻ, മകൾ മീനാക്ഷി എന്നിവരും ഒപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ഇരുവരും പോയിട്ടില്ല.
തിങ്കളാഴ്ച വൈകീട്ട് കോടതിയിലെത്തി ദിലീപ് പാസ്‌പോർട്ട് കൈപ്പറ്റിയിരുന്നു. രണ്ട് ദിവസത്തിനകം കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്. ദുബൈയിൽ താമസിക്കുന്നതെവിടെ, ആരെയൊക്കെയാണ് കാണുന്നത്, എന്തൊക്കെയാണ് കാര്യപരിപാടികൾ തുടങ്ങിയവ ഇതിനോടകം തന്നെ പോലീസിനെ അറിയിച്ചിട്ടുണ്ട്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയും കുടുംബവും ഒപ്പമുണ്ടാകും.


