കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ പാലക്കാട്ട്
പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികളുള്ളത് പാലക്കാട് ജില്ലയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ 2056 പേർക്കാണ് ജില്ലയിൽ എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതിൽ 76 പേർ കുട്ടികളാണ്. അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇതിൻ്റെ ഭാഗമായി ഡിസംബർ, ജനുവരി മാസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എയ്ഡ്സ് തീവ്രബോധവൽകരണ പ്രചാരണ പരിപാടി നടത്തും. നിലവിൽ ജില്ലയിൽ 14 എ.ആർ.ടി സെന്ററുകളിൽ സൗജന്യ പരിശോധനയ്ക്കും കൗൺസലിംഗിനും സംവിധാനമുണ്ട്. ഗർഭിണികളിൽ നിന്നും കുട്ടികൾക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ട്. എച്ച്.ഐ.വി ബാധിതരായവരുടെ കുട്ടികൾക്ക് പ്രത്യേക പരിഗണനയും പഠന സൗകര്യവും മറ്റും ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കും.
ഡിസംബർ ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാതല പരിപാടിയുടെ ഭാഗമായി ഡിസംബർ ഒന്നിന് രാവിലെ 9.30ന് കൊഴിഞ്ഞാന്പാറ ആശുപത്രി പരിസരത്ത് നിന്ന് എയ്ഡ്സ് ബോധവൽകരണ റാലി നടത്തും. തുടർന്ന് കൊഴിഞ്ഞാന്പാറ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ കെ.കൃഷ്ണൻകുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പാലക്കാട് ജില്ലയിലെ വിവിധ ബസ്സ്റ്റാന്റുകളിലും റെയിൽവെ േസ്റ്റഷനുകളിലും ബോധവൽകരണ പ്രദർശനം നടക്കും. എയ്ഡ്സ് ദിനാചരണത്തിന് മുന്നോടിയായി 30ന് വൈകിട്ട് കോട്ടമൈതാനത്ത് ബോധവൽകരണ പ്രചാരണത്തിന്റെ ഭാഗമായി ദീപം തെളിയിച്ച് പ്രതിജ്ഞയെടുക്കും.


