മുഴുവൻ ജില്ലകളിലും വനിതാപ്രൊട്ടക്ഷൻ ഓഫിസർമാരെ നിയമിക്കും : മന്ത്രി
കൊച്ചി : മുഴുവൻ ജില്ലകളിലും വനിതാ പ്രൊട്ടക്ഷൻ ഓഫിസർമാരെ ഉടൻ നിയമിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. വൺ സ്റ്റോപ് ക്രൈസിസ് സെന്ററുകൾക്കായി കേന്ദ്രം അനുവദിച്ച തുക ഉപയോഗിച്ചു നാല് ജില്ലകളിൽ രണ്ട് വർഷത്തിനുള്ളിൽ സെന്ററുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമമായ പി.ഡബ്ല്യു.ഡി.വി ആക്ടിനെ (2005) സംബന്ധിച്ചു സാമൂഹിക നീതി വകുപ്പു സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടുത്ത ഘട്ടത്തിൽ ഒന്പത് ജില്ലകളിൽ ഇത്തരം സെന്ററുകൾ ആരംഭിക്കും. വൈദ്യസഹായം, പോലീസ് സേവനം തുടങ്ങിയ സൗകര്യങ്ങളൊരുക്കും. ഗാർഹിക പീഡനത്തിനു വിധേയരാകുന്നവരുടെ മൊഴിയെടുക്കാനും ഇവരെ താമസിപ്പിക്കാനുമുള്ള സൗകര്യവും ഇവിടെയുണ്ടാകും. കേരളത്തിലെ മുഴുവൻ സ്ത്രീകളും ജോലി ചെയ്യുകയും അവരുടേതായ സംഭാവന സമൂഹത്തിനു നൽകുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകണം. സമൂഹത്തെ ചൂഴ്ന്നുനിൽക്കുന്ന യാഥാസ്ഥിതിക മനസികാവസ്ഥയിൽ മാറ്റം വന്നാലേ ഗാർഹിക അതിക്രമങ്ങൾ ഇല്ലാതാകവെന്നും കേരളത്തിലെ സ്ത്രീകൾ വലിയ ശാക്തീകരണം അവകാശപ്പെടുന്നുണ്ടെങ്കിലും അവർക്കു നേരെയുള്ള ഗാർഹിക അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പങ്കാളിത്തം ദേശീയ ശരാശരിയെക്കാൾ കുറവാണെന്ന് ഡോ. ടി.കെ. ആനന്ദി പറഞ്ഞു. 78% പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലെ സ്ത്രീകൾക്ക് ബിഹാറിലെ സ്ത്രീകളെക്കാൾ കുറവാണെന്നും അവർ പറഞ്ഞു. ജില്ലാ വിമൻ പ്രൊട്ടക്ഷൻ ഓഫിസ് തയ്യാറാക്കിയ ലഘുലേഖ മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡ് ചെയർപഴ്‌സൻ ഡോ. ഖമറുന്നിസ അൻവർ അദ്ധ്യക്ഷത വഹിച്ചു.


