പഴകിയ ഭക്ഷണം പിടികൂടി : നാല് ഹോട്ടലുകൾ പൂട്ടി
ആനക്കര (പാലക്കാട്) : ഹോട്ടലുകൾ, ബേക്കറികൾ അടക്കം മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും ആരോഗ്യ പ്രവർത്തകർ പരിശോധന കർശനമാക്കി. ആരോഗ്യ വകുപ്പിന്റെ ജാഗ്രത പരിപാടിയുടെ ഭാഗമായി കുമരനല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. രാജീവിന്റെ നേതൃത്വത്തിൽ കൂറ്റനാട്, കപ്പൂർ പ്രദേശങ്ങളിൽ നടന്ന ഹെൽത്തി കേരള ഭക്ഷ്യപരിശോധനയെ തുടർന്ന് ശുചിത്വ രഹിതമായും അനധികൃതമായും പ്രവർത്തിക്കുന്ന നാല് ഹോട്ടലുകൾ അടച്ചുപൂട്ടി.
റോഡരികിലെ പഴകിയ മത്സ്യ വിൽപ്പന, റോഡരികിലെ തട്ടുകടകൾ അടക്കമുളള സ്ഥാപനങ്ങളിലും പഴയ സാധനങ്ങൾ വിൽക്കുന്നതായിട്ടാണ് കണ്ടെത്തൽ. വിദ്യാഭ്യാസ സ്ഥാപനത്തിന് മുൻവശം അപകടകരമായി വിൽപ്പന നടത്തുന്ന അച്ചാറുകൾ, ഉപ്പിലിട്ട പഴങ്ങൾ, നെല്ലിക്ക തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്‌തുക്കൾ വിൽപ്പന നടത്തുന്ന പെട്ടിക്കടകൾക്കെതിരെയും നടപടി എടുത്തു. റോഡരികിൽ വാഹനത്തിൽ ശുചിത്വമില്ലാത്ത സാഹചര്യത്തിലും അഴുകിയതുമായ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനങ്ങൾ, വ്യക്തികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു. പൊതുസ്ഥലത്ത് പുകവലിച്ചവരെ പിടികൂടി പിഴ ഈടാക്കി. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ. സൈനുദീൻ, മനോജ്, എ. കമ്മുണ്ണി എന്നിവർ പങ്കെടുത്തു.


