വടകരയിൽ 13 അന്യസംസ്ഥാന തൊഴിലാളികൾക്ക് ഹെപ്പറ്റൈറ്റിസ് ബി
വടകര : വടകര നഗരസഭയിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ മെഡിക്കൽ ക്യാന്പിൽ 13 പേർക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചതായി കണ്ടെത്തി. വ്യാഴാഴ്ച ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് വടകര ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കുള്ള സൗകര്യം ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴ് പേരെയും നഗരസഭാധികൃതർ ബന്ധപ്പെട്ട് ചികിത്സയ്ക്കുള്ള സൗകര്യം ചെയ്തു. തൊഴിലുടമകളുടെ യോഗം വിളിച്ചുചേർച്ച് തുടർചികിത്സയ്ക്കുള്ള സംവിധാനം ആലോചിക്കുമെന്ന് നഗരസഭാ സെക്രട്ടറി കെ.യു ബിനി അറിയിച്ചു.ഹെപ്പറ്റൈറ്റിസ് ബിയെ കൂടാതെ എച്ച്.ഐ.വി, മലേറിയ, കുഷ്ഠം എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധനകളും നടത്തിയിരുന്നു. ഇതിന്റെ ഫലം കിട്ടിയിട്ടില്ല. ഇതിനുശേഷമായിരിക്കും ഹെൽത്ത് കാർഡ് നൽകുക. സാംക്രമികരോഗമായ ഹെപ്പറ്റൈറ്റിസ് ബി കണ്ടെത്തിയവരെ ഈ വിവരം അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനാക്യാന്പിൽ നഗരസഭയുടെപ്രതീക്ഷകളെല്ലാം തെറ്റിക്കുന്നവിധത്തിലാണ് തൊഴിലാളികൾ ഒഴുകിയെത്തിയത്. ക്യാന്പിൽ 760 പേർ പങ്കെടുത്തു. ക്യാന്പിൽ പങ്കെടുക്കാത്തവർ ഇനിയുമുണ്ടെന്നാണ് വിവരം. ഇവർക്കായി ഇനിയും ക്യാന്പ് നടത്തുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ടി.ബി രോഗനിർണയം, മലേറിയ, ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി., വി.ഡി.ആർ.എൽ, ബിൽറൂബിൻ, ബ്ലഡ് ആർ.ഇ, കുഷ്ഠരോഗ നിർണയം എന്നീ പരിശോധനകളെല്ലാം എല്ലാവർക്കും സൗജന്യമായി നടത്തി.
സാംക്രമിക രോഗങ്ങളെ കൂടാതെ രക്തഗ്രൂപ്പ് നിർണയവും, ഷുഗർ, പ്രഷർ പരിശോധനയുമുണ്ടായി. ജില്ലാ ആസ്പത്രിയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. ഡോക്ടർമാരെ വടകര ആശ ആശുപത്രിയും ഐ.എം.എയും വിട്ടുനൽകി. പരിശോധനകൾക്കു ശേഷം എല്ലാവരുടെയും ആരോഗ്യസംബന്ധമായ വിവരങ്ങൾ ഫോട്ടോ സഹിതം കാർഡ് രൂപത്തിലാക്കി നൽകും. കാർഡ് വിതരണം ഡിസംബർ ഒന്നിന് തുടങ്ങും.


