നിയമ സേവനം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തണമെന്ന് മന്ത്രി ജലീൽ
കാസർഗോഡ്: ജില്ലാ നിയമസേവന അതോറിറ്റിയും ചൈൽഡ്‌ലൈനും നിരവധി സേവനങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യുന്നുണ്ടെങ്കിലും എല്ലാവിഭാഗം ജനങ്ങളിലേക്കും വിവരം എത്തണമെന്ന്തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീൽ പറഞ്ഞു. ജില്ലാ നിയമസേവന അതോറിറ്റിയും ചൈൽഡ് ലൈനും സംയുക്തമായി ജില്ലയിൽ നടത്തിയ ബാലാ
വകാശ−നിയമ ബോധവൽകരണ പ്രചാരണ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുപോലുള്ള പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങൾക്ക് നിയമസേവനങ്ങളെ കുറിച്ചും മറ്റും അറിവ് പകരുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഒപ്പ് ശേഖരണ യജ്ഞത്തിന്റെ ഉദ്ഘാടനവും മന്ത്രി കെ.ടി ജലീൽ നിർവ്വഹിച്ചു. ജില്ലയിൽ രണ്ട് വാഹനങ്ങളിലായി വടക്ക്−-തെക്കൻ മേഖലകളിലാണ് ഒപ്പ്ശേഖരണവും പ്രചാരണവും നടത്തിയത്. നിയമസേവനങ്ങളെ കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവൽകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ജഡ്ജി എസ്. മനോഹർ കിണി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ, കളക്ടർ കെ. ജീവൻ ബാബു, ജില്ലാ പോലീസ് മേധാവി കെ.ജി സൈമൺ, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ഫിലിപ്പ് തോമസ്, നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ, ചൈൽഡ്‌ലൈൻ ജില്ലാ നോഡൽ ഡയറക്ടർ ഫാ. ഫിലിപ്പ് സക്കറിയ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ തുടങ്ങിയ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


