നിലം നികത്തൽ : മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് പ്രതിഷേധ മാർച്ച്
ആലപ്പുഴ : ഭൂമി കയ്യേറ്റത്തിനും അനധികൃത നിലം നികത്തലിനും നിയമവിരുദ്ധ റിസോർട്ട് നിർമ്മാണങ്ങൾക്കുമെതിരെ ആലപ്പുഴ, കോൺഗ്രസ് പ്രവർത്തകർ മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിലേക്ക് മാർച്ച് നടത്തി.
കുട്ടനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കല്ലുപാലം മുതൽ നാല് കിലോമീറ്റർ ദൂരം നടന്നെത്തിയ സമരക്കാർ റിസോർട്ടിൽ എത്തുന്നതിന് മുന്പായി പോലീസ് തടഞ്ഞു. മാർത്താണ്ധം കായലിലും ആലപ്പുഴയിലും നടത്തിയ അനധികൃത നിലം നികത്തലും ഭൂമി ഇടപാടും അന്വേഷണ വിധേയമാക്കിയാൽ മന്ത്രി തോമസ് ചാണ്ടി ജയിലഴി എണ്ണുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡണ്ട് എം.ലിജു പറഞ്ഞു. തോമസ് ചാണ്ടി രാജിവയ്ക്കും വരെ സമരം തുടരുമെന്നും ലിജു വ്യക്തമാക്കി.
ആലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, മുൻ ഡിസിസി പ്രസിഡണ്ട്എ.എ.ഷുക്കൂർ, മറ്റ് കെപിസിസി അംഗങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും സംസാരിച്ചു.

