വിഴിഞ്ഞത്ത് തിരമാലകൾ വരുത്തിയത് ലക്ഷങ്ങളുടെ നാശനഷ്ടം
വിഴിഞ്ഞം : കഴിഞ്ഞദിവസം വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തേക്ക് ആഞ്ഞടിച്ച തിരമാലകൾ മണിക്കൂറുകൾകൊണ്ട് വരുത്തിവച്ചത് ലക്ഷങ്ങളുടെ നാശനഷ്ടം. ഉപജീവനത്തിനുള്ള ഉപകരണങ്ങളുടെ നഷ്ടങ്ങളുടെ കണക്കുകളുമായി എഴുപതോളം പേരാണ് ഇന്നലെ തീരദേശ പോലീസ് േസ്റ്റഷനിലെത്തിയത്. കൂട്ടിയിടിയിൽ തകർന്ന മറ്റ് നിരവധി വള്ളങ്ങളുടെ കണക്ക് ഇനിയും വരേണ്ടതുണ്ടെന്നും അധികൃതർ വിലയിരുത്തുന്നു. അപ്രതീക്ഷിതമായി കരയിലേക്ക് വീശിയടിച്ച തിരമാലയിൽപെട്ട് വള്ളങ്ങളും വലയും എൻജിനും ഉൾപ്പെടെ നിരവധി പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഇല്ലാതായതെനനും പരാതികളുടെ അടിസ്ഥാനത്തിൽ നാശനഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്തി ഫിഷറീസ് ഡിപ്പാർട്ട്‌മെന്റിന് നൽകാനുള്ള ശ്രമം ആരംഭിച്ചതായും തീരദേശ പോലീസ് വ്യക്തമാക്കി.
കാറ്റുംതിരയും ശക്തമായി തുടരുന്നതിനാൽ വിഴിഞ്ഞത്തുനിന്നുള്ള മത്സ്യബന്ധനം ഇന്നലെയും മുടങ്ങിയത് ഏത് പ്രതികൂല സാഹചര്യത്തിലും കടലിൽ പോകാമെന്ന തൊഴിലാളികളുടെ വിശ്വാസത്തിന് മങ്ങലേൽപിച്ചിട്ടുണ്ട്. മീനുമായെത്തിയ വള്ളങ്ങളെ തലകീഴായി മറിച്ചും കടലിൽ തീരത്തോട് ചേർന്ന് കെട്ടിയിട്ടിരുന്നതും കരയിൽ സുരക്ഷിതമായി കയറ്റിവച്ചിരുന്നതുമായ മത്സ്യബന്ധന വള്ളങ്ങളെ തകർത്തുമാണ് പതിറ്റാണ്ടുകൾക്കുശേഷം തുറമുഖ ബ്രേക്ക് വാട്ടറിലേക്ക് കുറ്റന്‍തിരകൾ ആഞ്ഞടിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
തകർന്നടിഞ്ഞ തീരം പഴയപടിയിൽ എത്തണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരുമെന്നും നാട്ടുകാർ പറയുന്നു. നിർദ്ദിഷ്‌ട രാജ്യാന്തര തുറമുഖ നിർമാണത്തിന്റെ ഭാഗമായി നിർമ്മിച്ച പുലിമുട്ടുകളുടെ അശാസ്‌ത്രീയതയാണ് കരയിലേക്ക് തിരമാലകൾ ഇരന്പിയാർത്ത് നാശനഷ്‌ടം ഉണ്ടാക്കാന്‍ കാരണമെന്ന് സംശയവും മത്സ്യത്തൊഴിലാളികൾ ഉയർത്തിയിരുന്നു.

