സർക്കാർ സ്ഥാപനങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയേക്കാൾ വിലകുറച്ചു വിൽക്കുന്നു
ആലപ്പുഴ : സപ്ലൈകോ അടക്കം സർക്കാർ സ്ഥാപനങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ വളരെ വിലകുറച്ചാണ് വിൽക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ.
ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം ആർ. സുഗതന്‍ സ്‌മാരക ഹാളിൽ സപ്ലൈകോ ആരംഭിച്ച ഓണം−ബക്രീദ് ജില്ലാ ഫെയറിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധനങ്ങൾ സബ്‌സിഡി നിരക്കിൽ 11−19 രൂപവരെ വിലകുറച്ചാണ് സർക്കാർ വിൽക്കുന്നത്. സാധനങ്ങളുടെ ലഭ്യതക്കുറവ് അടക്കമുള്ള വിവിധ പ്രശ്‌നങ്ങളുണ്ട്. എന്നിട്ടും വില പിടിച്ചുനിർത്തി ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞവിലയിൽ സർക്കാർ സാധനങ്ങൾ നൽകുന്നുവെന്നും ജയ അരി 14 രൂപ വരെ വിലക്കുറച്ചാണ് വിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.വകുപ്പുകളെ അഴിമതിമുക്തമായി നയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും ആലപ്പുഴയടക്കം അടച്ചു പൂട്ടപ്പെട്ട തുറമുഖങ്ങളിലെ തൊഴിലാളികൾക്ക് ഓണത്തിന് 5000 രൂപയും സൗജന്യമായി അരിയും നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.ആന്ധ്രയിൽനിന്ന് 5000 ടൺ അരി കൂടി സംസ്ഥാനത്ത് ഉടൻ എത്തിക്കാനുള്ള നടപടി പൂർത്തീകരിച്ചതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. മറ്റുള്ളവർ സംസാരിച്ചു.

