അനധികൃത ഫാമുകൾക്കെതിരെ നടപടിയെടുക്കും
കോതമംഗലം : കീരംപാറ പഞ്ചായത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കോഴി, പന്നി ഫാമുകൾക്ക് നിയന്ത്രണങ്ങൾ വരുന്നു. ഇതിന്‍റെ ഭാഗമായി അടുത്തമാസം 20നകം ലൈസൻസ് എടുക്കാത്ത ഫാമുകളുടെ നടത്തിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത് പ്രദേശത്ത് മാത്രം 25−ഓളം ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. താലൂക്കിൽ സമീപ കാലയളവിൽ കോഴി ഫാമുകളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. എന്നാൽ നഗരസഭകളുടെയൊ പഞ്ചായത്തിന്‍റെയോ ലൈസൻസ് ഇല്ലാതെയാണ് കോഴി ഫാമുകളിലേറെയും പ്രവർത്തിക്കുന്നത്. കൂടുതൽ വരുമാനം ലഭ്യമാക്കുന്നതോടൊപ്പം മറ്റ് കൃഷികൾ നഷ്ടത്തിലായതും കർഷകരെ ഈ രംഗത്തേക്ക് കൂടുതലായി ആകർഷിച്ചു. റബ്ബർ തോട്ടങ്ങളിൽ കോഴിഫാമുകൾ ആരംഭിക്കാൻ കർഷകർ തയ്യാറായി. തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട വരുമാനവും ഇതുവഴി നഷ്ടമാകുന്നതായി ആക്ഷേപമുയരുന്നുണ്ട്.

