തൃ­ശ്ശൂർ നഗരത്തിൽ നി­രോ­ധി­ത പ്ലാ­സ്റ്റിക് ബാഗ് കച്ചവടം വ്യാ­പകമാ­കു­ന്നു­


തൃശ്ശൂർ : രാത്രിയിൽ നഗരത്തിലെ പ്രധാന കച്ചവട കേന്ദ്രങ്ങളിൽ 51 മൈക്രോണിൽ താഴെയുളള നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വൻതോതിൽ എത്തിക്കുന്നതായി റിപ്പോർട്ട്. ഒന്നരമാസം മുന്പ് രാത്രികാല പരിശോധനയിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം സഞ്ചികൾ പിടിച്ചെടുത്തെങ്കിലും ഒളിഞ്ഞും തെളിഞ്ഞും വിൽപ്പന തുടരുകയാണ്. വൈകിട്ട് അഞ്ചിന് ശേഷവും രാവിലെ പത്തുമണി വരെയും മത്സ്യ− മാംസ− പച്ചക്കറി മാർക്കറ്റുകളിലും കച്ചവട സ്ഥലങ്ങളിലുമാണ് കോയന്പത്തൂരിൽ നിന്നും മറ്റും എത്തിക്കുന്ന ക്യാരി ബാഗുകൾ കുറഞ്ഞ വിലയ്ക്ക് വ്യാപകമായി വിതരണം ചെയ്യുന്നത്. വിലക്കുറവ്,  ഭാരക്കുറവ് എന്നീ കാരണങ്ങളാൽ കച്ചവടക്കാർ കൂടുതൽ വാങ്ങി സൂക്ഷിക്കുകയും ചെയ്യും.

രാത്രിയിലും പുലർച്ചെയുമുള്ള കച്ചവടത്തിനിടെ ഉപഭോക്താക്കൾക്ക് നൽകും. നികുതിവെട്ടിപ്പ് നടത്തിയാണ് ഇവ വൻതോതിൽ ജില്ലയിലെത്തിക്കുന്നത്. ഇതിന് രാഷ്ട്രീയപ്രവർത്തകരുടെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്. കടകളിൽ വിതരണം ചെയ്ത ശേഷം പണം പിന്നീടാണ് ഇൗടാക്കുക.  40 മൈക്രോണിൽ താഴെയുളള സഞ്ചികൾക്കായിരുന്നു മുന്പ് നിരോധനമുണ്ടായിരുന്നത്. വീണ്ടും ഉപയോഗിക്കാൻ കഴിയില്ലെന്നതിനാൽ കഴിഞ്ഞവർഷമാണ് സംസ്ഥാന സർക്കാർ 51 മൈക്രോണിൽ താഴെയുള്ളവ നിരോധിച്ചത്. 

51 മൈക്രോണിന് മീതെയുളള സഞ്ചികൾ വീണ്ടും ഉപയോഗിക്കാം. അതിനാൽ തന്നെ സഞ്ചികളുടെ നിർമ്മാണം കുറയ്ക്കാനും കഴിയും. പ്ലാസ്റ്റിക് കാരിയർ ബാഗുകളും, കവറുകളും, വീട്ടുമാലിന്യങ്ങൾ നിറച്ച് പൊതുനിരത്തുകളിൽ നിക്ഷേപിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇത് പ്രയോജനകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും മണ്ണിലെ വായുസഞ്ചാരവും ജലസംഭരണ ശേഷിയും കുറച്ച് ഭൂമിയെ കൃഷിക്ക് യോഗ്യമല്ലാതാക്കി തീർക്കും. ശുദ്ധീകരിക്കാൻ കഴിയാത്തവിധം ജലസ്രോതസ്സുകളെ മലിനമാക്കുകയും ജലലഭ്യത കുറക്കുകയും ചെയ്യും.

പ്ലാസ്റ്റിക്കിൽ അടങ്ങിയ താലേറ്റുകൾ, ലെഡ് എന്നിവ മനുഷ്യരിൽ കാൻസർ ഉണ്ടാക്കും. കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയെ മുരടിപ്പിക്കും. നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. കത്തിക്കുന്പോൾ ഡയോക്സിൻ, ഫ്യൂറാൻ, വിനൈൽ ക്ലോറൈഡ്, ബെൻസീൻ എന്നീ വിഷവാതകങ്ങളും ക്യാൻസറിന് വഴിയൊരുക്കും. പ്ലാസ്റ്റിക് സഞ്ചികൾ മൂലം ഓടകൾ അടഞ്ഞ് മലിനജലം കെട്ടിക്കിടക്കാൻ ഇടയാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed