ആലുവ നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആലുവ : ജനറൽ മാർക്കറ്റിലെ മാലിന്യം പെരിയാറിലേക്ക് തള്ളുന്നതായ പരാതിയെ തുടർന്ന് ആലുവ നഗരസഭയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ് നഗരസഭാ അധികൃതരെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ ആലുവ പാലസിൽ നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ മേഖലയിലെ റസിഡൻസ് അസോസിയേഷൻ പ്രവർത്തകരാണ് നഗരസഭയ്ക്കെതിരെ പരാതിയുമായെത്തിയത്. മാലിന്യം പുഴയിലേക്ക് ഒഴുകുന്നത് തടയുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും അടിയന്തര നടപടിയുണ്ടാകണം. ഇതിൽ വീഴ്ചയുണ്ടാകരുതെന്നും കമ്മീഷൻ നഗരസഭാ അദ്ധ്യക്ഷയ്ക്ക് നിർദ്ദേശം നൽകി. പരാതിയുമായി കച്ചവടക്കാരും ചുമട്ട് തൊഴിലാളികളുംമാർക്കറ്റ് ശുചീകരണത്തിനായി നഗരസഭയ്ക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്നുണ്ടെങ്കിലും പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് കച്ചവടക്കാർആരോപിക്കുന്നു. ചുമട്ടുതൊഴിലാളികളും കച്ചവടക്കാരും പകർച്ചവ്യാധി ഭീഷണിയിലാണ്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൊഴിലാളികളും കച്ചവടക്കാരും ചേർന്ന് കഴിഞ്ഞ ദിവസം മാലിന്യം ഒരു ഭാഗത്തേത്ത് നീക്കിയതാണെന്ന് കമ്മീഷനെ കച്ചവടക്കാർ അറിയിച്ചു. പച്ചക്കറി മാർക്കറ്റിന് പുറമെ മത്സ്യമാർക്കറ്റും കമ്മീഷൻ സന്ദർശിച്ചു. ജൈവമാലിന്യം നീക്കുന്നതിന് നഗരസഭ നടപടിയെടുത്തിട്ടുണ്ടെന്നും വിപുലമായ സംസ്കരണ സംവിധാനം ഒരുക്കുന്നതിനായി പ്ലാൻ ഫണ്ടിൽ തുക വകയിരത്തിയിട്ടുണ്ടെന്നും ചെയർപേഴ്സൺ കമ്മീഷനെ അറിയിച്ചു.
അതേസമയം മാലിന്യം നീക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നഗരസഭ അധികൃതർ ഒളിച്ചോടിയപ്പോൾ ചുമട്ടു തൊഴിലാളികൾ സ്വയം ചുമതല ഏറ്റെടുത്ത് മാതൃകയായി. പെരിയാറിനും ദേശീയപാതയ്ക്കും ഇടയിൽ ആലുവ പൊതുമാർക്കറ്റിൽ കുമിഞ്ഞുകൂടിയ മാലിന്യമാണ് മാർക്കറ്റിലെ സി.ഐ.ടി.യു നേതൃത്വത്തിലുള്ള ചുമട് തൊഴിലാളികൾ നീക്കം ചെയ്തത്. ആലുവ മാർക്കറ്റിന്റെ അവസ്ഥ ഞെട്ടലുണ്ടാക്കുന്നതാണെന്നും ആലുവ പെരിയാറിനെ ദൂരെ നിന്ന് വീക്ഷിക്കുന്നത് പോലെയല്ലെന്നും അടുത്തെത്തിയാൽ ഞെട്ടിക്കുന്ന സാഹചര്യമാണെന്നും കമ്മീഷൻ ചെയർമാൻ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

