ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പ് : യുവാവിന്റെ 40,000 രൂപ നഷ്ടപ്പെട്ടു
വടക്കാഞ്ചേരി : ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പിൽ യുവാവിന് നഷ്ടമായത് നാൽപ്പതിനായിരം രൂപ. വടക്കാഞ്ചേരി സ്വദേശി പ്രശാന്താണ് തട്ടിപ്പിനിരയായത്. പ്രശാന്തിന്റെ ലാൻഡ് ഫോണിലേക്ക് വിളിച്ച് എ.ടി.എം താൽക്കാലികമായി വിച്ഛേദിക്കുകയാണെന്ന് േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി വ്യാജ സന്ദേശമെത്തി. എസ്.ബി.ഐ.യുടെ വായ്പ സംബന്ധിച്ചുള്ള പരസ്യങ്ങളും ഫോണിൽ കേട്ടിരുന്നു. ആദ്യം ഈ സന്ദേശം നൽകിയതിന് പുറമേ വീണ്ടും ഒരു സ്ത്രീ ഫോണിൽ വിളിച്ചു. ആദ്യം വിളിച്ചയാൾ ജോസഫെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. എ.ടി.എം പിൻ നന്പർ ചോദിച്ചായിരുന്നു അടുത്ത ഫോൺ. താൻ ബാങ്കുമായി ബന്ധപ്പെടാമെന്ന് യുവാവ് മറുപടി നൽകിയെങ്കിലും പിൻ നൽകിയില്ലെങ്കിൽ വിച്ഛേദിക്കുക മാത്രമല്ല പിഴയും നൽകേണ്ടിവരുമെന്ന് തട്ടിപ്പുകാർ മുന്നറിയിപ്പ് നൽകി.
പിൻ നന്പർ കൊടുത്ത ഉടനെ രണ്ട് ഘട്ടങ്ങളിലായി ഇരുപതിനായിരം രൂപവീതം അക്കൗണ്ടിൽ നഷ്ടമായതായി സന്ദേശം മൊബൈൽ ഫോണിലെത്തി. ജയ്പൂരിൽ നിന്നാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പ്രശാന്തിന്റെ പരാതിയിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

