ആനയിറങ്കലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം
രാജാക്കാട് : ആനയിറങ്കലിൽ കാട്ടാന റേഷൻ കടയും വാഹനങ്ങളും തകർത്തു. എേസ്റ്ററ്റ് ലെയ്ൻസിൽ ഇറങ്ങിയ മുറിവാലൻ ഒറ്റയാൻ റേഷൻകട ആക്രമിച്ച് ജനാലകളും മേൽക്കൂരയിലെ ഷീറ്റും തകർത്തു. മുറ്റത്ത് നിത്തിയിട്ടിരുന്ന ബൊലേറോ പിക്കപ്പിൽ കുത്തി ചില്ല് തകർക്കുകയും തള്ളി മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. സമീപത്തെ പെട്ടിക്കട മറിച്ചിട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് തൊഴിലാളിൾ പണിമുടക്കി കൊച്ചിധനുഷ്ക്കോടി ദേശീയപാത ഉപരോധിച്ചു.
പത്ത് ദിവസത്തിനകം ആനയെ പിടികൂടി നീക്കം ചെയ്യാമെന്ന് ദേവികുളം റേഞ്ച് ഓഫീസർ നൽകിയ ഉറപ്പിനെത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് ഒറ്റയാൻ ഇറങ്ങിയത്. മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. എം എം രവീന്ദ്രൻ നടത്തുന്ന റേഷൻകടയും അങ്കണവാടിയും ചേർന്ന കെട്ടിടത്തിന്റെ ഭിത്തി തള്ളി വീഴ്ത്തി കടയ്ക്കുള്ളിൽ കയറുവാനാണ് ശ്രമിച്ചു എന്നിട്ട് കെട്ടിടത്തിന്റെ മുൻവശത്തെ ആസ്ബസ്റ്റോസ് ഷീറ്റുകൾ അടിച്ച് തകർത്തു. മുറ്റത്തുണ്ടായിരുന്ന ആനയിറങ്കൽ സ്വദേശി മൂർത്തിയുടെ ബൊലേറോ പിക്കപ്പ് വാഹനത്തിന്റെ മൂന്നിടത്ത് കൊന്പ് കുത്തിയിറക്കി. വശങ്ങളിലെ ചില്ല് തകർത്തു. തൊഴിലാളികൾ ഇടതിങ്ങി പാർക്കുന്ന ലെയിന്‍ കെട്ടിടങ്ങളുടെ നേർക്ക് തിരിയാതിരിക്കുന്നതിനായി എല്ലാവരും ചേർന്ന് പ്രതിരോധം തീർത്തു.
സംഭവം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ബോഡിമെട്ട് ബീറ്റ് ഫോറസ്റ്റർ കെ.കെ വിനോദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ച് ഭയപ്പെടുത്തിയെങ്കിലും വെളുപ്പിനെ രണ്ടരയോടെയാണ് ഒറ്റയാൻ പിന്‍മാറിയത്.
കാട്ടാനശല്യം തടയാൻ അധികൃതർ പരാജയപ്പെടുന്നതിൽ പ്രതിഷേധിച്ച് രാവിലെ 7 മുതൽ തൊഴിലാളികൾ പണിമുടക്കി ഹൈവേ ഉപരോധിച്ചു. ഉപരോദത്തിൽ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ മൂന്നാറിലേയ്ക്കുള്ള വാഹനങ്ങൾ പൂപ്പാറനിന്നും രാജാക്കാട് വഴി തിരിച്ചുവിട്ടു. പത്തരയോടെ ദേവികുളം റേഞ്ച് ഓഫീസർ നിബു കിരണ്‍ എത്തി ട്രേഡ്യൂണിയന്‍ നേതാക്കളുമായുംജനപ്രതിനിധികളുമായും ചർച്ച ചെയ്തു.
പത്ത് ദിവസത്തിനകം കോടനാട് നിന്നും കുങ്കിയാനയെ എത്തിച്ച് അരിക്കൊന്പനെ പിടികൂടി നീക്കം ചെയ്യും. അതുവരെ വനം വകുപ്പിന്റെ ദ്രുത പ്രതികരണസേന കാട്ടാനയെ തടയുന്നതിനായി പ്രദേശത്ത് നിലയുറപ്പിക്കുമെന്നും അറിയിച്ചതോടെയാണ് പത്തരയോടെ സമരം അവസാനിപ്പിച്ചത്.

