ചീയപ്പാറ ദുരന്തത്തിന് ഇന്ന് നാല് വയസ്
അടിമാലി : കനത്ത മഴയെ തുടർന്നുണ്ടായ ചീയപ്പാറ ദുരന്തത്തിന് ഇന്ന് നാലു വർഷം പിന്നിടുന്പോഴും ജില്ലയിലെ ജനങ്ങൾക്ക് ഭീതി വിട്ടുമാറിയിട്ടില്ല. മലയിടിഞ്ഞു റോഡിലേക്ക് പതിച്ച ദുരന്തത്തിൽ മൂന്ന് പേരാണ് മരിച്ചത്. ഇതോടൊപ്പം എട്ടുപേർക്ക് സാരമായി പരുക്കേറ്റിരുന്നു. തലേന്നുമുതൽ പെയ്തിറങ്ങിയ കനത്തമഴയെ തുടർന്ന് കൊച്ചി−ധനുഷ്ടകോടി ദേശീയപാതയിൽ വാളറ വനമേഖലയിൽ വൻതോതിലുണ്ടായ മണ്ണിടിച്ചിലിന്റെ ഭാഗമായാണു ചീയപ്പാറയിലും മണ്ണിടിച്ചിലുണ്ടായത്.
ഇവിടെ പെട്ടിക്കട നടത്തിയിരുന്ന വാളറ കന്പിലൈൻ തോപ്പിൽക്കുടി ജോഷി, കോതമംഗലത്തേക്കുള്ള യാത്രയിൽ കുരുങ്ങിയ ദേവികുളം താലൂക്ക് ഓഫിസിലെ താൽക്കാലിക ഡ്രൈവർ രാജൻ, പാലക്കാട് സ്വദേശി പതിനാലുകാരൻ ജിതിൻ എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വാളറ തോപ്പിൽ ബേബി ഒരു വർഷത്തിലേറെ ശരീരം തളർന്ന് ചികിത്സയിലായിരുന്നു.
ആദ്യത്തെ ഉരുൾപൊട്ടൽ കാണാൻ എത്തിയ നൂറുകണക്കിന് ആളുകൾ, സഞ്ചാരികളെ പ്രതീക്ഷിച്ച് പ്രവർത്തിച്ചിരുന്ന ബങ്ക് ഷോപ്പുകൾ, മൂന്നുമാസം മുന്‍പ് തുറന്ന പോലീസ് എയ്‌ഡ് പോസ്റ്റ്, നിർത്തിയിട്ടിരുന്ന പത്തോളം ചെറുവാഹനങ്ങൾ, അന്യ സംസ്ഥാനത്തുനിന്നെത്തിയ ബസ് എന്നിവയെല്ലാം മണ്ണിനടിയിൽ പോയി. ആറു കടകൾ പൂർണമായും തകർന്ന് മണ്ണിനടിയിലായി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, ചീഫ് സെക്രട്ടറി, മന്ത്രിമാർ, വകുപ്പ് മേധാവികൾ അടക്കമുള്ളവർ ദുരിതബാധിതർക്കു സഹായ ഹസ്തവുമായെത്തി. വാഗ്ദാനങ്ങൾ പലതും പ്രഖ്യാപനങ്ങളിലൊതുങ്ങി

