മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിൽ ദേശീയ നേതൃത്വത്തിന് അതൃപ്തി
ന്യൂഡൽഹി : മാധ്യമ പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ. രോഷപ്രകടനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇത്തരത്തിലൊരു സംഭവത്തോടെ സമീപ കാലത്ത് പാർട്ടിക്കുണ്ടായിരുന്ന മേൽക്കൈ നഷ്ടപ്പെട്ടുവെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. എന്നാൽ പരസ്യമായ പ്രതികരണത്തിന് നേതാക്കൾ ആരും തന്നെ തയ്യാറായിട്ടില്ല. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള നേതാക്കൾക്ക് മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ അനിഷ്ടമുണ്ട്.
ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്ന് ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതും തുടർന്ന് നടന്ന സമാധാന ചർച്ചയും കൈകാര്യം ചെയ്ത രീതിയിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. സി.പി.എം കേന്ദ്ര നേതാക്കളുടെ നിർദേശപ്രകാരമാണ് സർവ്വകക്ഷിയോഗം വിളിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായത് എന്നും സൂചനയുണ്ട്. ഇത് പാർട്ടിയിലെ ഒരു തീരുമാനം എന്ന നിലയിൽ പുറത്തു വരേണ്ടതിനു പകരം ഗവർണറുടെ നിർദേശപ്രകാരമെന്ന പ്രതീതിയുണ്ടാക്കി. മാധ്യമങ്ങളിലൂടെ സർക്കാർ നിലപാട് അറിയിക്കേണ്ടതായിരുന്നുവെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനും അതിന് മുന്പും ശേഷവുമുണ്ടായ ആക്രമണങ്ങളുടെയും പേരിലാണ് മുഖ്യമന്ത്രി സി.പി.എം−ബി.ജെ.പി നേതാക്കളുമായി സമാധാന ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിലായിരുന്നു ചർച്ച. ചർച്ച തുടങ്ങുന്നതിന് മുന്പ് ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചപ്പോൾ ‘കടക്കൂ പുറത്ത്’ എന്ന് കയർത്ത മുഖ്യമന്ത്രി എല്ലാവരെയും പുറത്താക്കിയ ശേഷമാണ് ചർച്ച നടക്കുന്ന ഹാളിലേക്ക് കയറിയത്. സംഭവം വിവാദമായപ്പോൾ ‘മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ല’ എന്ന വിശദീകരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയത്.

