പാതയോരത്തെ മദ്യശാലകൾ : പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


കൊച്ചി : മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ നടപടി തെറ്റായിപ്പോയെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ച സംസ്ഥാന സര്‍ക്കാര്‍, തുറന്ന 13 മദ്യശാലകളും അടച്ചതായും കോടതിയെ അറിയിച്ചിരുന്നു.

മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍മാരും ഇന്ന് കോടതിയില്‍ ഹാജരാകും. മദ്യശാല തുറക്കാന്‍ അനുമതി നല്‍കിയ ഫയലുകളും കോടതിയില്‍ സമര്‍പ്പിക്കും. ദേശീയപാത സംബന്ധിച്ച് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

ചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയ പാതതന്നെയാണെന്നും, കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുള്ള പാത ദേശീയപാതയാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ആശയക്കുഴപ്പം നീക്കാന്‍ ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിയ മൂന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍മാരെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. വിധിയില്‍ പറഞ്ഞിരിക്കുന്നത് എന്തെന്ന് പരിശോധിക്കാതെയാണ് ബാറുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ ഉദ്യോഗസ്ഥര്‍ 'ബഹുമിടുക്കന്മാരാണെന്നും' കോടതി അഭിപ്രായപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed