കോളജുകൾക്ക് അവധിയെങ്കിൽ ഹോസ്റ്റലുകളും അടയ്ക്കണം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇനിമുതൽ ഹോസ്റ്റലുകളിൽ അനധികൃത താമസക്കാരെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലകൾക്കും കോളജുകൾക്കും അവധിയാണെങ്കിൽ അത് ഹോസ്റ്റലുകൾക്കും ബാധകമാക്കി കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിക്രമങ്ങളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര ഇടപെടൽ.
ഹോസ്റ്റൽ വാർഡൻ, ട്യൂട്ടർ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവർത്തനം, പുറത്തുനിന്നുള്ളവരുടെ അനധികൃത താമസം ഒഴിവാക്കൽ എന്നിവ സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങളാണ് പുതിയ സർക്കുലറിലുള്ളത്. ഹോസ്റ്റൽ നടത്തിപ്പിനായി ഡ്രോയിങ് ആൻഡ് ഡിസ്ബർസിങ് അധികാരമുള്ള അധ്യാപകരെ തന്നെ വാർഡനായി കോളജ് പ്രിൻസിപ്പൽമാർ നിയമിക്കേണ്ടതാണ്. അതാത് കോളജുകളിലെ വിദ്യാർഥികൾ മാത്രമാണ് ഹോസ്റ്റലുകളിൽ പ്രവേശനം നേടിയിട്ടുള്ളതെന്ന് വാർഡൻമാർ ഉറപ്പുവരുത്തണം. പുറത്തുനിന്നുള്ളവരോ പഠനം പൂർത്തിയാക്കിയവരോ തങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വാർഡൻ ഉടൻ തന്നെ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കുകയും നേരിട്ട് ഇടപെട്ട് ഇവരെ ഒഴിപ്പിക്കുകയും വേണം. ഇത് സാധ്യമായില്ലെങ്കിൽ പോലീസിനെ അറിയിക്കുന്നത് ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ സ്വീകരിക്േണ്ടതാണ്. സർവകലാശാലകൾ മധ്യവേനലവധി പ്രഖ്യാപിക്കുമ്പോൾ കോളജുകൾക്കൊപ്പം ഹോസ്റ്റലുകളുടെ പ്രവർത്തനവും അവസാനിപ്പിക്കണം. അക്കാദമിക് ആവശ്യങ്ങൾക്കായി പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ അവധിക്കാലത്ത് താമസിക്കാൻ സാധിക്കൂ. പരീക്ഷകളോ സെമസ്റ്റർ ക്ലാസുകളോ മറ്റ് അടിയന്തര അക്കാദമിക് സാഹചര്യങ്ങളോ ഉണ്ടെങ്കിൽ ടൈംടേബിളോ ക്ലാസ് ഷെഡ്യൂളോ ഹാജരാക്കി ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷമേ മാർച്ച് 31-ന് ശേഷവും ഹോസ്റ്റലുകൾ പ്രവർത്തിക്കാൻ പാടുള്ളൂ.
fxgfgfg

