സി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി മാധവ് സുരേഷ്: പഞ്ചാബിലും കേരളത്തിലും മൗനം പാലിക്കുന്ന വിദ്യാർഥി സംഘടനയുടേത് ഇരട്ടത്താപ്പെന്ന് ആരോപണം
ശാരിക
ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലെയും പഞ്ചാബിലെയും പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് ആരോപിച്ച് സി.ജെ.പിക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്നിടങ്ങളിൽ മാത്രം വിദ്യാഭ്യാസ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നവരുടെ ഇരട്ടത്താപ്പാണ് ഇതെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ മാധവ് ആരോപിച്ചു. പഞ്ചാബിൽ എ.എ.പി ഭരണത്തിലുള്ളപ്പോൾ ഇത്തരം പുരോഗമനവാദികളുടെ നട്ടെല്ല് വാഴപ്പിണ്ടിയാകുകയാണെന്നും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.
എന്നാൽ, മുൻപ് ഡൽഹിയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം നടന്ന സമയത്ത് മാധവ് സുരേഷ് ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഭരണകൂടവും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടത്തിൽ ഒടുവിൽ തോറ്റുപോകുന്നത് ഇന്ത്യയിലെ സാധാരണക്കാരാണെന്നും ഇതിനൊരു ശാശ്വത പരിഹാരം വേണമെന്നുമായിരുന്നു അന്ന് മാധവ് ആവശ്യപ്പെട്ടിരുന്നത്. സമരത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചപ്പോൾ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്ന മാധവ് ഇപ്പോൾ തികച്ചും വൈരുദ്ധ്യാത്മകമായ വാദങ്ങളാണ് ഉയർത്തുന്നത്.
തന്റെ നിലപാടുകളെ ചൊല്ലി തന്നെ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് അധിക്ഷേപിച്ച കമ്യൂണിസ്റ്റുകൾക്കും ‘നിഷ്പക്ഷത’ ചമയുന്നവർക്കും അണ്ണാക്കിൽ പിരി വെട്ടിയോ എന്നാണ് മാധവ് ചോദിക്കുന്നത്. നീറ്റ് പരീക്ഷാർഥികൾക്ക് വേണ്ടി സംസാരിച്ചവർ പഞ്ചാബിലെ വിദ്യാർഥികൾക്ക് വേണ്ടിയും ഉറക്കെ സംസാരിക്കണമെന്ന് ആവശ്യപ്പെടുന്ന താരം, അഭിജിത് ദീപ്കേ അടക്കമുള്ളവരോട് വിഷയത്തിൽ മറുപടി പറയാൻ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ബി.ജെ.പിക്കെതിരെ സംസാരിക്കുന്നത് എന്തോ വലിയ കാര്യമായി ചിത്രീകരിക്കുന്ന മാധ്യമങ്ങൾ മറ്റ് യഥാർഥ പ്രശ്നങ്ങൾ മുക്കുകയാണെന്ന് ആരോപിക്കുന്ന മാധവ്, സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സി.ജെ.പി എന്ന സംഘം ഉടൻ തുറന്നുകാട്ടപ്പെടുമെന്നും പറയുന്നു.
സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടമാണെന്നും അവർ ഉടൻ തന്നെ തുറന്നുകാട്ടപ്പെടുമെന്നും മാധവ് അഭിപ്രായപ്പെട്ടു. അന്ധമായി വിശ്വസിക്കുന്നവർ അവരുടെ വിശ്വാസം കൈവിടാതെ പിടിച്ചോളൂ എന്നും, അവർ യഥാർഥത്തിൽ തുറന്നുകാട്ടപ്പെടുമ്പോൾ നിങ്ങൾ അഭിപ്രായം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി സർക്കാർ ശരിയായ തീരുമാനമാണ് എടുത്തതെന്നും അത് ചിലർക്ക് ദഹിക്കില്ല എന്ന് ഉറപ്പാണെങ്കിലും അതേ കൂട്ടരെ ബാധിക്കുന്ന പഞ്ചാബിലെ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും മാധവ് ചൂണ്ടിക്കാട്ടി. സ്വന്തം നേട്ടത്തിനായി വിദ്യാർഥികളെ ഉപയോഗിക്കുക എന്നതാണ് ഈ സമരത്തെ പിന്തുണച്ച രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യമെന്നും, അവിടെ ഭരണത്തിൽ ബി.ജെ.പി അല്ലാത്തതുകൊണ്ടാണോ അവരുടെ ധൈര്യമൊക്കെ ചോർന്നുപോയതെന്നും മാധവ് ചോദിക്കുന്നുണ്ട്. ഇതിനൊപ്പം കേരളത്തിലെ പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം വ്യക്തമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വ്യക്തമാക്കുന്ന അവതാരക രഞ്ജിനി ഹരിദാസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും താരം പങ്കുവെച്ചിട്ടുണ്ട്.
dsdsf

