ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടു, സത്യമേ ജയിക്കൂ'; വികാരാധീനനായി 'അമ്മ' അംഗങ്ങൾക്ക് ടിനി ടോമിന്റെ തുറന്ന കത്ത്


ഷീബ വിജയൻ

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (AMMA) മുഴുവൻ അംഗങ്ങൾക്കുമായി തുറന്ന കത്തുമായി നടനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടിനി ടോം രംഗത്തെത്തി. സംഘടനയ്ക്കുള്ളിലെ അനീതികൾക്കെതിരെ ശക്തമായി ശബ്ദമുയർത്തിയതിന്റെ പേരിൽ താൻ വലിയ രീതിയിൽ ടാർഗറ്റ് ചെയ്യപ്പെടുകയായിരുന്നു എന്നാണ് ടിനി ടോം കത്തിലൂടെ വ്യക്തമാക്കുന്നത്. തനിക്കെതിരെ സഹപ്രവർത്തകയായ അൻസിബ മുൻപ് ഉയർത്തിയ ആരോപണങ്ങൾ പോലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പൂർണ്ണമായി തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ആരോടും മുൻകൂട്ടി പറയാതെ ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തിൽ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം വ്യക്തമാക്കി.

കത്തിന്റെ പൂർണ്ണരൂപം താഴെ നൽകുന്നു:
ആദ്യം നിങ്ങൾ എല്ലാവരോടും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടേ. അമ്മയിൽ നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ചതിനു 2018 മുതൽ ഇന്നലെവരെ അമ്മയുടെ എക്‌സിക്യൂട്ടീവിൽ ലാലേട്ടന്റെ കീഴിലും ഇപ്പോൾ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു. അനീതികൾക്കെതിരെ ഞാൻ ശബ്ദിച്ചതിന്റെ പേരിൽ ഞാൻ പലപ്പോഴായി ടാർഗറ്റ് ചെയ്യപ്പെട്ടിരുന്നു. എനിക്കെതിരെ വന്ന ആരോപണങ്ങൾ പോലീസ് എഫ്‌ഐആർ പോലും എടുക്കാതെ നിരുപാധികം തള്ളിക്കളയുകയും എനിക്ക് പൂർണ്ണമായി ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ഇതൊന്നും ഞാൻ ഒരു ചാനലിലും പോയി വിളിമ്പാൻ നിന്നിട്ടില്ല. എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടുകൊടുത്തു, ഒടുവിൽ സത്യം ജയിച്ചു അതാണ് ഇപ്പോൾ തെളിഞ്ഞത്. ഇനി നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ പെട്ടെന്ന് ഇറങ്ങിപ്പോകുന്നതിൽ. എന്ന് കരുതി നിങ്ങളുടെ ആവശ്യങ്ങൾക്കായുള്ള വിളികൾ ഞാൻ ഒരിക്കലും അവഗണിക്കില്ല. എനിക്ക് പറ്റുന്ന വിധത്തിൽ ഞാൻ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരൻ ടിനി ടോം. നന്ദി, ദൈവം നിങ്ങളെല്ലാവരെയും അനുഗ്രഹിക്കട്ടെ.

അതേസമയം, അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പൂർണ്ണമായി രാജി വയ്ക്കുന്നതായി അറിയിച്ച് പ്രമുഖ നടി ലക്ഷ്മിപ്രിയയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. തനിക്ക് സംഘടനയിൽ നിന്നുള്ള പെൻഷനും ഇൻഷുറൻസും മരണാനന്തരമുള്ള റീത്തും അനുശോചനവും ഒന്നും ഒട്ടും വേണ്ടെന്നും ലക്ഷ്മിപ്രിയ തൻ്റെ ഔദ്യോഗിക സന്ദേശത്തിൽ കടുത്ത ഭാഷയിൽ പറഞ്ഞിരുന്നു. തന്റെ രാജി സംഘടനയിലെ മുതിർന്ന അംഗങ്ങളായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തന്റെ ശവം കാണാൻ പോലും മറ്റാരും വരരുതെന്നും എന്നെ സ്നേഹിക്കുന്ന ഏതാനും പേർ മാത്രം വന്നാൽ മതിയെന്നും നടി വ്യക്തമാക്കി. ബാക്കിയുള്ളവർ ആരും ഈ പടി കടന്ന് വരരുതെന്നും നടി കടുത്ത അമർഷത്തോടെ കൂട്ടിച്ചേർത്തു.

article-image

deqswasdsaqwa

You might also like

  • Lulu Exchange
  • Straight Forward

Most Viewed