ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം': മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്
ഷീബ വിജയൻ
കൊച്ചി: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്ക് തിരിച്ചടി. ഗൺമാൻമാരുടെ മർദനത്തെ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഈ കേസിൽ പ്രതികൾക്ക് ആലപ്പുഴ കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ അപ്പീലിൽ പ്രതികളായ ഗൺമാൻമാർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
കേസിലെ പ്രതികൾ പത്തു ദിവസത്തിനകം തങ്ങളുടെ മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. തുടർന്ന് ഈ ഹർജി കൂടുതൽ വാദത്തിനായി വരുന്ന ഈ മാസം 27-ലേക്ക് കോടതി മാറ്റി. അന്ന് പ്രതികളായ ഗൺമാൻമാരുടെ ഭാഗത്തുനിന്നുള്ള വിശദമായ വാദവും കോടതി കേൾക്കും. നേരത്തെ ആലപ്പുഴ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.
എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കാൻ പ്രതികൾ ഉപയോഗിച്ച മാരകായുധങ്ങളോ ഉപകരണങ്ങളോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം നിർണായക ഘട്ടത്തിൽ തുടരുമ്പോൾ ഇവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് കേസിനെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്.
erwewsdqweeq

