ടിനി ടോമിനെതിരെ കേസെടുക്കണം: നിയമപോരാട്ടവുമായി നടി അൻസിബ കോടതിയിലേക്ക്
ഷീബ വിജയൻ
കൊച്ചി: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. അൻസിബ നൽകിയ പരാതിയിൽ കടവന്ത്ര പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നതിനിടയിലാണ് നടി ഇപ്പോൾ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (കോടതി നമ്പർ 8) മുൻപാകെ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ടിനി ടോം തനിക്കെതിരെ വർഗീയ അധിക്ഷേപം നടത്തിയെന്നും തന്നെ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചെന്നുമാണ് അൻസിബയുടെ പരാതിയിലെ പ്രധാന ആരോപണം. ടിനി ടോമിനെതിരെ അടിയന്തരമായി കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്നാണ് അൻസിബ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കടവന്ത്ര പോലീസ് ടിനി ടോമിന്റെയും താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേത മേനോന്റെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ടിനി ടോം വർഗീയമായി അധിക്ഷേപിക്കുന്നതോ ജിഹാദി എന്ന് വിളിക്കുന്നതോ താൻ കേട്ടിട്ടില്ലെന്നാണ് ശ്വേത മേനോൻ പോലീസിന് നൽകിയ മൊഴി.
അതേസമയം വ്യക്തിവൈരാഗ്യം മൂലം തനിക്കെതിരെ നൽകിയ തികച്ചും അടിസ്ഥാനരഹിതമായ പരാതിയാണിതെന്നാണ് ടിനി ടോം പോലീസിനോട് വ്യക്തമാക്കിയത്. അൻസിബ മതം മാറ്റത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച പ്രൊഡക്ഷൻ കൺട്രോളറുടെ മകന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ടിനി ടോം നേരിട്ട് അധിക്ഷേപിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും സംഘടനയിലുള്ള ചിലർ പറഞ്ഞാണ് അറിഞ്ഞതെന്നുമാണ് നടിയുടെ മൊഴി. ഈ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രം തുടനടപടികളിലേക്ക് കടക്കാമെന്ന നിലപാടിലായിരുന്നു പോലീസ്. ഇതിനെ തുടർന്നാണ് അൻസിബ കോടതിയെ നേരിട്ട് സമീപിക്കാൻ തീരുമാനിച്ചത്.
eqrswadseswadwqa

