എൽ നിനോ ചതിച്ചു: സംസ്ഥാനത്ത് ജൂൺ 30 വരെ വീണ്ടും വൈദ്യുതി നിയന്ത്രണം
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെ വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെ മിതമായ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന താപനിലയും ഇതേത്തുടർന്ന് വൈദ്യുതി ആവശ്യകതയിലുണ്ടായ വൻ വർധനയുമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. നിലവിൽ വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ വലിയ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് മൺസൂൺ എത്തിയിട്ടും മഴ പ്രതീക്ഷിച്ചത്ര ശക്തിപ്പെടാത്തതിനാൽ വൈദ്യുതി ആവശ്യകത 4900 മെഗാവാട്ട് വരെ ഉയരുകയും ഉപഭോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധന രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ജൂൺ 16 മുതൽ 30 വരെ ഏകദേശം 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്ന കണക്കൂട്ടലിൽ ബോർഡ് എത്തിയത്.
നിലവിലെ സാഹചര്യം വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ പരമാവധി വൈദ്യുതി ലഭ്യമാക്കാൻ മന്ത്രി യോഗത്തിൽ നിർദേശം നൽകി. ലഭ്യതക്കുറവ് കൂടുതൽ രൂക്ഷമാകുന്ന പക്ഷം വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജൂൺ 16ന് രാത്രി 9 മുതൽ 12 വരെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും ആവശ്യാനുസരണം നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
asadsadsdsa

