ഡൈനിങ് ടേബിളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു
ശാരിക l കേരളം
കോഴിക്കോട്: ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി ദാരുണമായി മരണപ്പെട്ടു. അത്താണി കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകൾ അല്ലി എന്ന് വിളിക്കുന്ന അലംകൃതയാണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് കുട്ടി ടേബിളിൽ നിന്നും വീണത്. ഡൈനിങ് ടേബിളിൽ കുട്ടി ഒറ്റയ്ക്ക് കയറുന്ന പതിവുണ്ടായിരുന്നുവെന്നാണ് വിവരം. ടേബിളിൽ നിന്ന് പെട്ടെന്ന് ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ കുട്ടി നിലത്ത് ബോധംകെട്ടു വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ കുട്ടിയെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൾസ് ക്രമാതീതമായി കുറഞ്ഞുവന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ആരുഷ് ആണ് മരണപ്പെട്ട അലംകൃതയുടെ ഏക സഹോദരൻ.

