ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് സൗജന്യ യാത്ര, പെൻഷൻ 3,000 രൂപ; സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വൻ പ്രഖ്യാപനങ്ങൾ
ഷീബ വിജയൻ
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഉദ്ധരിച്ച് ആരംഭിച്ച പ്രസംഗത്തിൽ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന ഒട്ടനവധി ക്ഷേമപദ്ധതികളാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അവകാശമാക്കുന്നതിനൊപ്പം കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ വീതം വിദ്യാഭ്യാസ സഹായം നൽകാനും സർക്കാർ തീരുമാനിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കുമെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും ഗവർണർ അറിയിച്ചു.
യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പയും മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്ത് തന്നെ ആദ്യമായി പ്രത്യേക വകുപ്പും പുതിയ സർക്കാർ രൂപീകരിക്കും. വികസനവും ജനക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. എക്സൈസ് വകുപ്പിൽ സമഗ്രമായ പരിഷ്കാരം വരുത്തി ലഹരി ശൃംഖലകളെ ഇല്ലാതാക്കാനും ക്യാമ്പസുകളെ ലഹരിമുക്തമാക്കാനും നടപടിയുണ്ടാകും. കൂടാതെ ക്ഷേത്രങ്ങളെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടുള്ള 'മലബാർ ടെമ്പിൾ പിൽഗ്രിം പ്രോജക്ട്' വഴി തീർത്ഥാടന ടൂറിസം വികസിപ്പിക്കും.
അഴിമതിമുക്തവും സുതാര്യവുമായ ഭരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതേസമയം നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് നടപടികൾക്ക് തുടക്കമിട്ടത്. വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് രാജ്ഭവന്റെ നിർദേശമുണ്ടായിരുന്നെങ്കിലും സർക്കാർ അത് അംഗീകരിക്കാതെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വഴി വായിപ്പിച്ചത്. നയപ്രഖ്യാപനത്തിനായി സഭയിലെത്തിയ ഗവർണറെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
adsaswasaq

