മുഖ്യമന്ത്രി വിജയിയെ വിമർശിച്ചതിന് തമിഴ്‌നാട്ടിൽ വാർത്താ ചാനലിന് വിലക്ക്; അരശ് കേബിൾ നെറ്റ്‌വർക്കിൽ നിന്ന് ഒഴിവാക്കി
ശാരിക l ദേശീയം
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ വിമർശിച്ചുക്കൊണ്ട് വാർത്തകൾ നൽകിയ പ്രമുഖ തമിഴ് ചാനലിനെതിരെ പ്രതികാര നടപടിയുമായി സർക്കാർ രംഗത്ത്. തമിഴ്‌നാട്ടിലെ പ്രമുഖ വാർത്താ ചാനലായ ‘പുതിയ തലമുറൈ’ക്ക് നേരെയാണ് തമിഴ്‌നാട് സർക്കാരിന്റെ ഈ നടപടി. സർക്കാരിന്റെ ഔദ്യോഗിക കേബിൾ നെറ്റ്‌വർക്കായ തമിഴ്‌നാട് അരശ് കേബിൾ ടിവിയിൽ നിന്നാണ് ചാനലിനെ ഇപ്പോൾ പൂർണ്ണമായി നീക്കം ചെയ്തിരിക്കുന്നത്. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെയാണ് ചാനലിനെ പെട്ടെന്ന് ഒഴിവാക്കിയതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ചും, നീലാങ്കരയിലെ വസതിയിൽ നിന്നുള്ള മുഖ്യമന്ത്രി വിജയ്‌യുടെ സ്ഥിരമായ യാത്രകൾ കാരണം പൊതുജനങ്ങൾക്കും പോലീസിനും നേരിടേണ്ടി വരുന്ന കടുത്ത ബുദ്ധിമുട്ടുകളെക്കുറിച്ചും കഴിഞ്ഞ ദിവസം ചാനൽ പ്രത്യേക റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്തിരുന്നു. ഇതിനുപുറമെ, അടുത്തിടെ നടത്തിയ ദില്ലി സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി വിജയ് മാധ്യമങ്ങളെ മനഃപൂർവ്വം ഒഴിവാക്കി കടന്നുപോയതിനെയും ചാനൽ ശക്തമായി വിമർശിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ചാനലിനെ കേബിൾ നെറ്റ്‌വർക്കിൽ നിന്നും വെട്ടിമാറ്റിയത്.
തമിഴ്‌നാട് സർക്കാരിന്റെ ഈ നീക്കം മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടുത്ത കടന്നുകയറ്റമാണെന്നും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും പുതിയ തലമുറൈ ചാനൽ അധികൃതർ ആരോപിച്ചു. ചാനലിന്റെ സംപ്രേഷണം തടഞ്ഞതിനെതിരെ ചെന്നൈയിലെ മാധ്യമപ്രവർത്തകർ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള ഈ സർക്കാർ വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
നംനം

