പ്രതിപക്ഷ ഉപനേതൃപദവി സി.പി.ഐക്ക് അവകാശപ്പെട്ടത്; തർക്കിക്കേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം


ഷീബ വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി മുന്നണിയിൽ ചർച്ചകൾ സജീവമായിരിക്കെ സ്വന്തം നിലപാടിൽ ഉറച്ചുനിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ഈ വിഷയത്തിൽ തർക്കിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പ്രതിപക്ഷ ഉപനേതൃപദവി സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. കീഴ്വഴക്കങ്ങൾ മാത്രം ചൂണ്ടിക്കാണിച്ച് ഈ ആവശ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും സാധിക്കില്ല. നിലവിലുള്ള കീഴ്വഴക്കങ്ങളേക്കാൾ രാഷ്ട്രീയ നിലപാടുകൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുന്നണിയിലെ എല്ലാ പദവികളും ഘടകകക്ഷികൾക്കിടയിൽ കൃത്യമായി പങ്കുവെച്ചേ തീരൂ. അത് ചെറുതാകട്ടെ വലുതാകട്ടെ, പദവികൾ പങ്കുവെക്കുന്നതിലൂടെ മാത്രമേ മുന്നണിക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ആവശ്യമെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുന്നണി ശക്തമായി മുന്നോട്ട് പോകണമെങ്കിൽ പരസ്പരമുള്ള പങ്കുവെക്കലുകൾ അനിവാര്യമാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം. സി.പി.ഐ ഈ വിഷയങ്ങൾ ഒന്നും തന്നെ പരസ്യമായല്ല ഉന്നയിച്ചത്. വളരെ മാന്യമായ രീതിയിലാണ് തുടക്കം മുതൽ പാർട്ടി നിലപാടുകൾ വ്യക്തമാക്കിയത്. യാഥാർത്ഥ്യം ഇതായിരിക്കെ, സി.പി.ഐ ഈ വിഷയം പുറത്തുപറഞ്ഞു നടക്കുന്നത് എന്തോ വലിയ അപരാധമാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ചർച്ച നടത്തുന്നതിനായി എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും ഇത്തരം കൂടിക്കാഴ്ചകൾ രാഷ്ട്രീയത്തിൽ പതിവാണെന്നും അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ നടക്കും. എന്താണ് എൽ.ഡി.എഫ് എന്ന് സി.പി.ഐയെ ആരും പഠിപ്പിക്കാൻ ശ്രമിക്കേണ്ടതില്ലെന്നും മറ്റാരെക്കാളും മുന്നണിയുടെ മൂല്യവും തത്വങ്ങളും അറിയുന്നവരാണ് സി.പി.ഐ എന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പുകളിൽ നേരിടുന്ന താൽക്കാലിക പരാജയങ്ങൾ കൊണ്ട് ഇല്ലാതാകുന്ന പ്രസ്ഥാനമല്ല ഇതെന്നും പതിന്മടങ്ങ് ശക്തിയോടെ പാർട്ടി തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

article-image

sxsazassaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed