വോട്ടർ പട്ടിക പരിഷ്കരണത്തിൽ ലക്ഷക്കണക്കിന് ന്യൂനപക്ഷങ്ങളെ ഒഴിവാക്കി; കേന്ദ്രത്തോട് വിശദീകരണം തേടി യു.എൻ


ഷീബ വിജയൻ

രാജ്യത്ത് പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയിൽ ഐക്യരാഷ്ട്രസഭ കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി. വോട്ടർ പട്ടിക പരിഷ്കരണം മുസ്‌ലിം, ബംഗാളി വംശജർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ ഗുരുതരമായി ബാധിച്ചെന്ന പരാതിയിലാണ് യു.എന്നിന്റെ പ്രത്യേക ദൂതന്മാർ ഇന്ത്യക്ക് കത്തയച്ചത്. തീവ്ര പരിഷ്കരണത്തിലൂടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി പേരുകൾ നീക്കം ചെയ്തതായും പശ്ചിമ ബംഗാളിൽ ലക്ഷക്കണക്കിന് പേർക്ക് വോട്ടവകാശം നിഷേധിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

യു.എൻ പ്രത്യേക റിപ്പോർട്ടർമാരായ നിക്കോളാസ് ലെവ്രാറ്റ്, ഐറിൻ ഖാൻ, നസീല ഘാനിയ എന്നിവർ മേയ് ഒന്നിനാണ് കത്തയച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയതിന്റെ കൃത്യമായ കണക്ക്, കാരണം, അപ്പീലുകൾ, ന്യൂനപക്ഷ വിവേചനം ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ ഏഴ് വിഷയങ്ങളിലാണ് യു.എൻ മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം മണ്ഡലത്തിൽ ഒഴിവാക്കപ്പെട്ടവരിൽ 95 ശതമാനവും മുസ്‌ലിം വോട്ടർമാരാണെന്നതും രേഖകളിലെ ചെറിയ അക്ഷരപ്പിശകുകൾ പോലും പേര് വെട്ടാൻ കാരണമാക്കിയെന്നതും കത്തിൽ പരാമർശിക്കുന്നു.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്താൻ എ.ഐ സംവിധാനം ഉപയോഗിച്ചതിലും യു.എൻ ആശങ്ക രേഖപ്പെടുത്തി. വിവേചനപരമായ ഈ സമീപനം നിരവധി മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാകാൻ സാധ്യതയുണ്ടെന്നും, ഇന്ത്യ അംഗീകരിച്ചിട്ടുള്ള അന്താരാഷ്ട്ര കൺവെൻഷനുകളുടെയും 1992ലെ ന്യൂനപക്ഷാവകാശ പ്രഖ്യാപനത്തിന്റെയും ആത്മാവിന് വിരുദ്ധമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

article-image

DEWEQWDWQSD

You might also like

  • Lulu Exchange
  • Straight Forward

Most Viewed