ജി. സുധാകരന് സിപിഎമ്മിന്റെ കടുത്ത മുന്നറിയിപ്പ്; ജനങ്ങൾ പാർട്ടിയെ കൈകാര്യം ചെയ്തു കഴിഞ്ഞെന്ന് മറുപടി
ഷീബ വിജയൻ
ആലപ്പുഴ: പൊതുവേദികളിലെ അധിക്ഷേപങ്ങളും രാഷ്ട്രീയ നിലപാടുകളും മാറ്റിയില്ലെങ്കിൽ ജി. സുധാകരൻ എം.എൽ.എയ്ക്ക് കടുത്ത ക്രമസമാധാന പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന പരസ്യ മുന്നറിയിപ്പുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്ത്. സുധാകരൻ പൊതുവേദികളിൽ നടത്തുന്ന അനാവശ്യമായ അധിക്ഷേപങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം. രാഷ്ട്രീയമായ വിരോധം തീർക്കേണ്ടത് ഇങ്ങനെയുള്ള മോശം ശൈലിയിലൂടെയല്ലെന്നും ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ടെന്നും ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. പാർട്ടിയെയും അണികളെയും തുടർച്ചയായി കടന്നാക്രമിച്ചാൽ ജനങ്ങൾ സുധാകരനെ നേരിട്ട് കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി. സുധാകരൻ എം.എ.ൽഎയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർ. നാസർ. സുധാകരൻ മാന്യമായ രൂപത്തിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെങ്കിൽ പാർട്ടിക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ പാർട്ടിയെ നിരന്തരം പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ പ്രതികരണ ശേഷിയുള്ള അണികൾ ഇവിടെയുണ്ടെന്നും അവർ പ്രതികരിച്ചാൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനപ്രതിനിധി എന്ന നിലയിൽ മര്യാദയ്ക്ക് പൊതുപ്രവർത്തനം നടത്താനുള്ള ജാഗ്രത സുധാകരൻ കാണിക്കണം. നീർക്കുന്നം ഗവൺമെന്റ് സ്കൂളിൽ ജി. സുധാകരന്റെ സാന്നിധ്യത്തിൽ നടന്നത് വലിയ മര്യാദകേടാണെന്നും അധ്യാപകർക്കെതിരെ കേസെടുത്ത നടപടി വളരെ മോശമായിപ്പോയെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേർത്തു.
എന്നാൽ സിപിഎമ്മിന്റെ ഈ പരസ്യമായ മുന്നറിയിപ്പിന് ശക്തമായ ഭാഷയിലാണ് ജി. സുധാകരൻ എം.എൽ.എ മറുപടി നൽകിയത്. ജനങ്ങൾ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞുവെന്നായിരുന്നു സുധാകരന്റെ പരിഹാസം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ നിലവിൽ ജനങ്ങളിൽ നിന്നും പൂർണ്ണമായി ഒറ്റപ്പെട്ടയാളാണെന്നും അദ്ദേഹത്തിന് ജനപിന്തുണ തിരികെ കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ കായികമായ ശക്തിയോ ഇല്ലെന്നും സുധാകരൻ തുറന്നടിച്ചു. ഇങ്ങനെയുള്ള ഒരാൾ എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്നെ കായികമായി കൈകാര്യം ചെയ്യാനാണ് നാസർ ആഹ്വാനം ചെയ്യുന്നതെങ്കിൽ അതിന് മുതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും തനിക്കെതിരെ ആരെങ്കിലും കൈ ചൂണ്ടിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നാസർക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിപിഎം ഇപ്പോൾ ആലപ്പുഴയിൽ വലിയ അബദ്ധങ്ങളാണ് കാണിച്ചുകൂട്ടുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
adsasdds

