'അമ്മ'യിലെ വ്യക്തിഹത്യ; ടിനി ടോമിനെതിരെ ആഭ്യന്തരമന്ത്രിക്കും പോലീസിനും പരാതി നൽകുമെന്ന് അൻസിബ
ഷീബ വിജയൻ
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾക്കും വ്യക്തിഹത്യകൾക്കുമെതിരെ നടൻ ടിനി ടോമിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ എക്സിക്യൂട്ടീവ് അംഗം അൻസിബ ഹസ്സൻ വ്യക്തമാക്കി. സംഭവത്തിൽ പോലീസിനും ആഭ്യന്തരമന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകുമെന്നും, സംഘടനയ്ക്കുള്ളിൽ ഇനി പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും അൻസിബ മാധ്യമങ്ങളോട് പ്രതികരിച്ചു. നാട്ടിൽ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഇതിനുപുറമേ, പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു വരുത്തി തനിക്കെതിരെ മാനസിക പീഡനം ചമച്ച തൃപ്പൂണിത്തുറ ഹിൽപാലസ് വനിതാ സെൽ സിഐക്കെതിരെയും ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്ന് അൻസിബ അറിയിച്ചു. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് ടിനി ടോമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി അൻസിബ രംഗത്തെത്തിയത്. ടിനി ടോം തന്നെ 'ജിഹാദി' എന്ന് വിളിച്ച് ആക്ഷേപിച്ചെന്നും, തനിക്ക് പലരുമായും അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ മോശമായ വ്യാജപ്രചാരണങ്ങൾ നടത്തിയെന്നുമാണ് അൻസിബയുടെ ആരോപണം.
എന്നാൽ ഈ ആരോപണങ്ങൾ ടിനി ടോം പൂർണ്ണമായി നിഷേധിച്ചു. അൻസിബ തനിക്ക് സഹോദരിയെപ്പോലെയാണെന്നാണ് ടിനി ടോം പ്രതികരിച്ചത്. സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ തന്റെ വളർച്ചയിൽ അസൂയയുള്ള പലരും തന്നെ ഭയപ്പെടുന്നുണ്ടെന്നും തന്റെ പേരിൽ ഇതുവരെയും ഒരു ആരോപണവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അൻസിബയുടെ രാജി വ്യക്തിപരമായ തിരക്കുകൾ കാരണമാണെന്നാണ് താൻ കരുതിയതെന്നും ടിനി ടോം കൂട്ടിച്ചേർത്തു.
്േമ്േേൈോോേൈ

