ഒൻപത് വർഷത്തെ വിലക്കിന് ശേഷം സംസ്ഥാനത്ത് മണൽവാരൽ പുനരാരംഭിക്കുന്നു; റവന്യൂ വകുപ്പിന്റെ പച്ചക്കൊടി
ഷീബ വിജയൻ
തിരുവനന്തപുരം: ഒൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്നു. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സമർപ്പിച്ച പ്രവർത്തന നടപടിക്രമത്തിന് റവന്യൂ വകുപ്പ് ഔദ്യോഗികമായി അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്നാണ് മണൽ വാരാൻ ശുപാർശ ചെയ്തിരിക്കുന്നത്.
മണൽവാരലുമായി ബന്ധപ്പെട്ട് കടുത്ത പാരിസ്ഥിതിക അനുമതി നിബന്ധനകൾ നിലവിൽ വന്ന 2016-ന് ശേഷം സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരിയിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ പരിഷ്കരിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നദികളിൽ നിന്ന് വീണ്ടും മണൽ വാരാൻ സാഹചര്യമൊരുങ്ങുന്നത്. സംസ്ഥാനത്തെ ആകെ 36 നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിൽ 17 നദികളിൽ വൻതോതിൽ മണൽ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സാൻഡ് ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഈ നദികളിലായി ആകെ 464 ലക്ഷം ക്യുബിക് മീറ്റർ മണൽ നിക്ഷേപമുണ്ട്. ഇതിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ 141 ലക്ഷം ക്യുബിക് മീറ്റർ മണൽ ഖനനം ചെയ്യാമെന്നാണ് ശുപാർശ. മണൽ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനായി അതത് ജില്ലാ കളക്ടർമാർ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. ജില്ലാ സർവേ റിപ്പോർട്ടിന്റെ അന്തിമ അനുമതി കൂടി ലഭ്യമാകുന്ന മുറയ്ക്ക് സംസ്ഥാനത്ത് മണൽവാരൽ പൂർണ്ണതോതിൽ പുനരാരംഭിക്കാൻ സാധിക്കും.
ോേോേോേോേ

