മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ഷീബ വിജയൻ
കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ED) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനിയായ സിഎംആർഎല്ലും (CMRL) അതിന്റെ ഉദ്യോഗസ്ഥരും നൽകിയ ഹർജികൾ ഹൈക്കോടതി പൂർണ്ണമായും തള്ളി.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കെതിരെ ഇഡി നടത്തുന്ന അന്വേഷണ നടപടികൾ നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു. നേരത്തെ കേസിൽ ചില ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. എന്നാൽ പുതിയ ഹർജികൾ തള്ളിയതോടെ ഇഡിക്ക് മേലുള്ള ആ തടസങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്.
സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരാണ് ഇഡിയുടെ സമൻസിനെതിരെ കോടതിയെ സമീപിച്ചിരുന്നത്. കോടതി ഉത്തരവ് അനുകൂലമായതോടെ വീണ വിജയനെ ഇഡി അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്തേക്കും. ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർക്ക് ഉടൻ തന്നെ പുതിയ സമൻസ് അയക്കാനാണ് ഇഡിയുടെ നീക്കം. അടുത്ത സമൻസ് അയക്കുന്നതിന് രണ്ട് ആഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആർഎൽ ആവശ്യപ്പെട്ടെങ്കിലും ഇഡിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കോടതി ഈ ആവശ്യവും നിരാകരിക്കുകയായിരുന്നു.
ഐടി സേവനങ്ങൾ ഒന്നും നൽകാതെ തന്നെ സിഎംആർഎൽ കമ്പനി വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് 1.72 കോടി രൂപ മാസപ്പടിയായി നൽകി എന്നാണ് ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. ഈ കേസിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ഉള്ളതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയും അന്വേഷണം തുടങ്ങിയത്.
ൗേൈ്േൈോോ്േൈ

