കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; കെ.സി. വേണുഗോപാലിന് മുൻതൂക്കമെന്ന് സൂചന
ശാരിക l കേരളം
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ നീണ്ടുനിൽക്കുന്ന അനിശ്ചിതത്വത്തിന് ഇന്ന് അറുതിയായേക്കും. പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വൈകിട്ട് അഞ്ചുമണിയോടെ രാഹുൽ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വർക്കിങ് പ്രസിഡന്റുമാരും മുൻ കെപിസിസി അധ്യക്ഷന്മാരും രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിഭാഗം പേരും വേണുഗോപാലിനെ പിന്തുണച്ചതായാണ് വിവരം. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചു. വി.എം. സുധീരൻ, കെ.മുരളീധരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ തുടങ്ങിയ മുൻ അധ്യക്ഷന്മാരും ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് ഉൾപ്പെടെയുള്ള യുവനേതാക്കളും ചർച്ചകളിൽ പങ്കെടുത്തു.
മുഖ്യമന്ത്രി ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും തീരുമാനത്തിനായി അല്പം കൂടി കാത്തിരിക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. അതേസമയം, പ്രഖ്യാപനം വൈകുന്നത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സമ്മതിച്ചു. സോണിയ ഗാന്ധിയുടെ വസതിയിലും നിർണ്ണായക ചർച്ചകൾ നടക്കുന്നുണ്ട്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഒഴിവ് വരുന്ന സംഘടനാ ജനറൽ സെക്രട്ടറി പദവിക്കായി സച്ചിൻ പൈലറ്റ്, ഭൂപേഷ് ബഘേൽ തുടങ്ങിയ നേതാക്കൾ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്.
vxfgdg

