എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം; മന്ത്രിയില്ലാത്തത് തിരിച്ചടിയാകുന്നു


ശാരിക l കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. പുതിയ സർക്കാർ ചുമതലയേൽക്കാത്തതാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമാകുന്നത്. സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്. എന്നാൽ നിലവിൽ മന്ത്രിയോ, പകരം ചുമതലയേൽക്കാൻ വകുപ്പ് സെക്രട്ടറിയോ ഇല്ലാത്ത സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

മൂല്യനിർണ്ണയ നടപടികളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഈ വരുന്ന വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച തന്നെ ഫലപ്രഖ്യാപനം നടത്തണോ എന്ന കാര്യത്തിൽ നാളെ ചേരുന്ന പരീക്ഷാ ബോർഡ് യോഗം അന്തിമ തീരുമാനമെടുക്കും. മേയ് 15-ന് എസ്എസ്എൽസി ഫലവും മേയ് 22-ന് പ്ലസ് ടു ഫലവും പ്രഖ്യാപിക്കുമെന്നായിരുന്നു മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നത്.

സംസ്ഥാനത്തുടനീളം 72 ക്യാമ്പുകളിലായി ഏപ്രിൽ 16 മുതലാണ് മൂല്യനിർണ്ണയം ആരംഭിച്ചത്. 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഏകദേശം ഇരുപത്തിനാലായിരത്തോളം അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുത്തു. പ്ലസ് വൺ പരീക്ഷാഫലം ജൂൺ 10-ന് പ്രഖ്യാപിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വൈകുന്നത് ഫലപ്രഖ്യാപനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

article-image

fsdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed