പുഞ്ചിരിമട്ടം ദുരന്തബാധിതരായ 178 കുടുംബങ്ങൾ പുതിയ വീടുകളിലേക്ക്; എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിൽ താമസം ജൂൺ ആദ്യവാരം തുടങ്ങും
ശാരിക l കേരളം
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ട 178 കുടുംബങ്ങൾ ജൂൺ ആദ്യവാരത്തോടെ പുതിയ വീടുകളിലേക്ക് താമസം മാറും. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സജ്ജമാക്കിയ ടൗൺഷിപ്പിലെ 123 വീടുകൾ ഇതിനകം ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 55 വീടുകൾ കൂടി ഈ മാസം അവസാനത്തോടെ സജ്ജമാകുന്നതോടെ എല്ലാ കുടുംബങ്ങളും ഒരേദിവസം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
64.4075 ഹെക്ടർ ഭൂമിയിൽ അഞ്ച് സോണുകളിലായി ആകെ 410 വീടുകളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ കുടുംബത്തിനും ഏഴ് സെന്റ് ഭൂമിയും വീടുമാണ് സർക്കാർ ഉറപ്പാക്കുന്നത്. കിഫ്‌കോൺ, ഊരാളുങ്കൽ സൊസൈറ്റി എന്നിവയുടെ മേൽനോട്ടത്തിൽ ഗുണഭോക്താക്കളുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് വീടുകളുടെ സാങ്കേതിക കൈമാറ്റം നടക്കുന്നത്. നിർമ്മാണത്തിലെ അപാകതകളെച്ചൊല്ലി നേരത്തെ ചില വിവാദങ്ങൾ ഉയർന്നിരുന്നെങ്കിലും അവയെല്ലാം പരിഹരിച്ചാണ് ഇപ്പോൾ താമസം തുടങ്ങാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്. പുഞ്ചിരിമട്ടത്തിന്റെ അതിജീവന ചരിത്രത്തിലെ നിർണ്ണായകമായ നാഴികക്കല്ലാകും ഈ പുനരധിവാസ പദ്ധതി.
്ു്ു

