ആന്തൂരിൽ എതിരില്ലാതെ ഇടതിന് അഞ്ചിടത്ത് ജയം; യുഡിഎഫ് പത്രിക തള്ളിയതിൽ കോൺഗ്രസ് ആരോപണം
ഷീബ വിജയ൯
കണ്ണൂർ ആന്തൂർ മുനിസിപ്പാലിറ്റിയിൽ മൂന്ന് സിപിഎം സ്ഥാനാർഥികൾ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണപുരം പഞ്ചായത്തിലും പത്രികകൾ തള്ളിയതോടെ രണ്ട് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരാളികളില്ലാതായി. ഇതോടെ ആന്തൂരിലെ 29 ഡിവിഷനുകളിൽ ആകെ അഞ്ചിടത്ത് എതിരില്ലാതെ തിരഞ്ഞെടുപ്പ് നടന്നതിൽ എൽഡിഎഫ് ധർമ്മശാല ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. എന്നാൽ, സ്ഥാനാർഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
ആന്തൂർ മുനിസിപ്പാലിറ്റിയിലെ തളിയിൽ, കോടല്ലൂർ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികയാണ് തള്ളിയത്. പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിർദേശകർ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. തർക്കമുന്നയിച്ച തളിവയലിൽ, കോൾമൊട്ട ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ചു. സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയെന്ന് കോൺഗ്രസ് ആരോപിച്ച ഇരുപത്തിയാറാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പത്രിക പിൻവലിക്കുകയും ചെയ്തു. ഭീഷണിയിലൂടെ സിപിഎം ജനാധിപത്യത്തെ കശാപ്പുചെയ്തു എന്ന് കോൺഗ്രസ് ആരോപിച്ചു.
കണ്ണപുരം പഞ്ചായത്തിലെ എട്ടാം വാർഡിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ എൽഡിഎഫിലെ ടി.ഇ. മോഹനനും, ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ എൽഡിഎഫിലെ ഉഷ മോഹനനും എതിരാളികളില്ലാതായി. ഇവിടെയും തർക്കത്തെത്തുടർന്ന് സൂക്ഷ്മ പരിശോധന ഇന്നത്തേക്ക് മാറ്റിയിരുന്നു.
asddsaadssad
