യുദ്ധ ടാങ്ക് എൻജിനുകൾ ഇന്ത്യയിൽ നിർമിക്കാൻ റോൾസ് റോയ്സ്
ഷീബ വിജയ൯
രാജ്യത്തിന്റെ പ്രതിരോധ വ്യവസായത്തിന് പുതിയ ഊർജ്ജം പകരാൻ യൂറോപ്യൻ കമ്പനിയായ റോൾസ് റോയ്സ് യുദ്ധ ടാങ്കുകൾ അടക്കമുള്ള പ്രതിരോധ വാഹനങ്ങൾക്ക് ആവശ്യമായ എൻജിനുകൾ ആഭ്യന്തര വിപണിയിൽ നിർമിക്കാൻ ഒരുങ്ങുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ രൂപകൽപന ചെയ്ത അർജുൻ യുദ്ധ ടാങ്ക്, ഭാരം കുറഞ്ഞ യുദ്ധ ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ തുടങ്ങിയവക്കാണ് എൻജിൻ നിർമിക്കുക.
ഇതിനു പുറമെ, നാവിക സേനക്ക് വേണ്ടി 4000 എൻജിനുകൾ ആഭ്യന്തരമായി നിർമിക്കാനുള്ള പദ്ധതിയും കമ്പനി ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ കമ്പനിയുമായി സഹകരിച്ചാണ് നാവിക സേനയുടെ പദ്ധതികൾ റോൾസ് റോയ്സ് പവർ സിസ്റ്റംസ് യാഥാർഥ്യമാക്കുന്നതെന്ന് ഗ്ലോബൽ പ്രസിഡന്റ് ഗിയോവനി സ്പദാരോ പറഞ്ഞു. നേരത്തെ മറ്റൊരു രാജ്യത്തു നിർമിച്ച എൻജിനുകൾ ഇന്ത്യക്ക് വിൽക്കുകയായിരുന്നു റോൾസ് റോയ്സ് ചെയ്തിരുന്നതെങ്കിൽ, ഇപ്പോൾ ആഭ്യന്തരമായി ഉത്പാദിപ്പിക്കുക എന്ന തന്ത്രം നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഭ്യന്തര പ്രതിരോധ വ്യവസായ മേഖലയുടെ അതിവേഗ വളർച്ചയും കേന്ദ്ര സർക്കാറിന്റെ ആത്മനിർഭരത നയവും മുതലെടുക്കാനാണ് ഈ നീക്കം.
എംബി838 എൻജിനുകളും സീരീസ് 199 വിഭാഗത്തിൽപെടുന്ന എൻജിനുകളുമാണ് പ്രധാനമായും നിർമിക്കുകയെന്ന് സ്പദാരോ പറഞ്ഞു. സാങ്കേതിക വിദ്യ പൂർണമായും കൈമാറുന്നതിനൊപ്പം ഈ എൻജിനുകൾ ആഭ്യന്തര വിപണിയിൽ നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അർജുൻ ടാങ്കുകൾക്കുള്ളതാണ് എംബി838 എൻജിനുകൾ. 450 മുതൽ 1500 വരെ കുതിരശക്തിയുള്ള ഭാരം കുറഞ്ഞ ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കുമുള്ളതാണ് 199 സീരീസ് എൻജിൻ. 199 സീരീസ് എൻജിൻ വാഹനങ്ങൾ നിർമിക്കാൻ എൽ&ടി, മഹീന്ദ്ര, ടാറ്റ തുടങ്ങിയ കമ്പനികളുമായി റോൾസ് റോയ്സ് ചർച്ചയിലാണ്.
dgrsdfsdfsds
