ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്: കാമുകന് വധശിക്ഷ, കൂട്ടാളി ഒഡീഷ ജയിലിൽ
ഷീബ വിജയ൯
കൈനികരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി-മൂന്ന് വധശിക്ഷ വിധിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ ലഭിച്ചത്. പുന്നപ്ര സ്വദേശി അനിത ശശിധരനാണ് (32) കൊല്ലപ്പെട്ടത്. കാമുകനായ പ്രബീഷും ഇയാളുടെ പെൺസുഹൃത്ത് കൈനകരിയിലെ രജനിയും (38) ചേർന്നാണ് അനിതയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. 2021 ജൂലൈ 10നാണ് പൂക്കൈതയാറിൽ അനിതയുടെ മൃതദേഹം കണ്ടെത്തിയത്.
വിവാഹിതനായ പ്രബീഷ്, അനിതയുമായും രജനിയുമായും ഒരേ സമയം അടുപ്പത്തിലായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ അനിത ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിന് പ്രബീഷ് ശ്രമിച്ചെങ്കിലും അനിത സമ്മതിച്ചില്ല. തുടർന്ന് പാലക്കാട് ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി രജനിയുടെ വീട്ടിൽവെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനിതയുടെ വായും മൂക്കും രജനി പൊത്തിപ്പിടിക്കുകയും ബോധരഹിതയായ അനിതയെ ഇരുവരും ചേർന്ന് പൂക്കൈതയാറിൽ ഉപേക്ഷിക്കുകയും ചെയ്തു. കേസിൽ 82 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസിലെ രണ്ടാം പ്രതിയായ രജനി ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ലഹരിക്കേസിൽ വീണ്ടും അറസ്റ്റിലാവുകയും നിലവിൽ ഒഡീഷയിലെ ജയിലിൽ കഴിയുകയുമാണ്.
dsdsdsds
