മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ആഹ്വാനം; കന്യാസ്ത്രീക്കെതിരെ ഡിജിപിക്ക് പരാതി
ഷീബ വിജയ൯
കൊച്ചി: സാമൂഹ്യമാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി ആഹ്വാനം നടത്തിയ സംഭവത്തിൽ ഡിജിപിക്ക് പരാതി. സുപ്രീം കോടതി അഭിഭാഷകനും കേരള ഹൈക്കോടതി അഭിഭാഷകനുമായ സുഭാഷ് തീക്കാടനാണ് അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ പരാതി നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് സെൽട്ടൻ എൽ ഡിസൂസ എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ടീന ജോസിന്റെ വിവാദ കമൻ്റ് വന്നത്. "അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും" എന്നായിരുന്നു ടീന ജോസ് കമൻ്റ് ചെയ്തത്.
അതേസമയം, ടീന ജോസിൻ്റെ പ്രസ്താവനകളെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തി. ടീന ജോസിൻ്റെ അംഗത്വം 2009-ൽ കാനോനിക നിയമങ്ങൾക്കനുസൃതമായി റദ്ദാക്കിയതാണ്. സന്യാസ വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തയാളാണ് ടീനയെന്നും, അവർ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും സ്വന്തം ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹത്തിന് ഇതിൽ പങ്കില്ലെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
GHFGHGGFGH
