ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന് പരിചയപ്പെടുത്തി, ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയില്‍; ആറ്റിങ്ങല്‍ കൊലപാതകത്തില്‍ അറസ്റ്റ്


ഷീബ വിജയൻ

തിരുവനന്തപുരം I ആറ്റിങ്ങലിലെ ലോഡ്ജില്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍. കോഴിക്കോട് വടകര അഴിയൂര്‍ വലിയ മാടാക്കര പാണ്ടികയില്‍ സ്വദേശി അസ്മിന (44)യെ ആണ് ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ പുതുപ്പള്ളി സ്വദേശി ജോബി ജോര്‍ജിനെ കോഴിക്കോട്ടു നിന്നാണ് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് ജോബിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങല്‍ സിഐ അജയന്‍ പറഞ്ഞു.

രണ്ടുകുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട അസ്മിന. ജോബിയും അസ്മിനയും തമ്മില്‍ മൂന്നു മാസമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്. കഴിഞ്ഞ ദിവസം ജോബി അസ്മിനയെ ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് കൊണ്ടുവന്നു. രാത്രി മദ്യപിച്ചശേഷം വഴക്കുണ്ടാകുകയും തുടര്‍ന്ന് ജോബി കുപ്പി കൊണ്ടു കുത്തി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് നിഗമനം.

ഒരാഴ്ച മുന്‍പാണ് ജോബി ലോഡ്ജില്‍ ജോലിക്കെത്തുന്നത്. ഭാര്യയെന്നു പരിചയപ്പെടുത്തിയാണ് ജോബി അസ്മിനയെ ലോഡ്ജില്‍ കൊണ്ടുവന്നത്. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടത്.

മുറിയില്‍ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. ബീയര്‍കുപ്പി പൊട്ടി നിലയിലും കണ്ടെത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കു പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അസ്മിനയുടെ ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയില്‍ പാടുകള്‍ കണ്ടതോടെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. അതേസമയം മുറിയില്‍ മറ്റൊരാള്‍ കൂടി കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.

article-image

cdvdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed