എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരും'; സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപ്രതം

ഷീബ വിജയൻ
കോഴിക്കോട് I സർക്കാറിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപ്രതം 'സുപ്രഭാതം'. എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരുമെന്ന് എഡിറ്റോറിയലിൽ ഓർമിപ്പിക്കുന്നു. കേരളത്തിന്റെ മതേതര മനസിനെ നിരന്തരം മുറിവേല്‍പ്പിക്കുന്ന ചില സമുദായ നേതാക്കളുടെ തോളില്‍ കൈയിട്ടാണ് ആഗോള അയ്യപ്പസംഗമം എന്ന സര്‍ക്കാര്‍ വിലാസം പരിപാടി നടത്തിയതെന്നും ഇത് അപകട കളിയാണെന്നും സുപ്രഭാതം പറയുന്നു. വെള്ളാപ്പള്ളി നടേശനെയും യോഗി ആദിത്യനാഥിനെയും സംഗമത്തിലേക്ക് ക്ഷണിച്ചത് ഏതുതരം ഭൗതികവാദമാണെന്ന് എം.വി ഗോവിന്ദൻ നാട്ടുകാർക്ക് പറഞ്ഞുകൊടുക്കണമെന്നും എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞുവരുമെന്നതാണ് കണ്‍മുന്നിലെ യാഥാര്‍ഥ്യമെന്നും കുറ്റപ്പെടുത്തുന്നു.
'അയ്യപ്പസംഗമത്തിലേക്ക് പിണറായി വിജയനൊപ്പം കാറില്‍ എത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് വെള്ളാപ്പള്ളിയുടെ നാവില്‍നിന്നു വീണതും വിഷം തീണ്ടിയ വാക്കുകള്‍ തന്നെ. ‘മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തതില്‍ ആര്‍ക്കാണ് പ്രശ്‌നം, ഞാനെന്താ തീണ്ടല്‍ ജാതിയില്‍ പെട്ടവനാണോ’ എന്ന പരാമര്‍ശം മതവിരുദ്ധത മാത്രമല്ല, കടുത്ത ജാതിവിരുദ്ധത കൂടിയാണ്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സംഘടനയുടെ തലപ്പത്തിരുന്നാണ് വെള്ളാപ്പള്ളി ഈ ജാതിവിരോധം വിളമ്പുന്നതെന്നോര്‍ക്കണം. അയ്യപ്പസംഗമത്തിന് അനുഗ്രഹാശിസ്സുകളുമായെത്തിയ പ്രധാനികളില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമുണ്ടായിരുന്നല്ലോ. സമദൂരവും ശരിദൂരവുമൊക്കെ കൈയൊഴിഞ്ഞ് ഇടതുചേരിയിലേക്ക് അകലം കുറയ്ക്കാനുള്ള സുകുമാരന്‍ നായരുടെ താല്‍പര്യങ്ങളെ കുറ്റം പറയുന്നില്ല. ഏത് കക്ഷിക്ക് കൂറുപ്രഖ്യാപിക്കണമെന്നതും ആര്‍ക്കു വോട്ടു ചെയ്യണമെന്നതുമൊക്കെ അതതു സംഘടനകളുടെയും വ്യക്തികളുടെയും അവകാശമാണ്. എന്നാല്‍ ജാതി സംവരണത്തില്‍ ഉള്‍പ്പെടെ മനുഷ്യവിരുദ്ധ, വരേണ്യനിലപാടുകള്‍ മുറുകെപ്പിടിക്കുന്നവരെ കൂടെക്കൂട്ടണോ എന്ന്, മസ്തകത്തില്‍ മതനിരപേക്ഷത തിടമ്പേറ്റിയ ഇടതുകക്ഷികളെങ്കിലും രണ്ടുവട്ടം ആലോചിക്കേണ്ടതാണെന്നും മുഖപ്രതം ഓർമിപ്പിക്കുന്നു.
ASDASADSDSA